
ബംഗളൂരു കോര്‍പ്പറേഷന്‍റെ (ബി.ബി.എം.പി) ഉത്തരവ് പാലിക്കാത്തവരുടെ വ്യാപാര ലൈസന്‍സ് റദ്ദാക്കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങളുടേതുള്‍പ്പടെ എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ബോര്‍ഡുകളില്‍ കന്നഡ ഭാഷ ഉപയോഗിക്കണം എന്നായിരുന്നു ഉത്തരവ്. ഈ നിര്‍ദ്ദേശം മുഖവിലക്കെടുക്കാത്തവര്‍ ഇനി പെടും. ഒക്ടോബര്‍ അവസാനമാണ് കന്നഡ ബോര്‍ഡ് സംബന്ധിച്ച ഉത്തരവ് ബി.ബി.എം.പി പുറത്തിറക്കിയത്.

60 ശതമാനമെങ്കിലും കന്നഡ ഭാഷ ഉപയോഗിക്കണം. വന്‍കിട വ്യാപാര ശൃംഖലകള്‍ മുതല്‍ ചെറിയ കടകള്‍ വരെ ഇതിലുള്‍പ്പെടും. ഇംഗ്ലീഷിലുള്ള ബോര്‍ഡുകളുടെ മെറ്റല്‍ ഫ്രേമുകള്‍ മാറ്റുന്നതിനായി അതത് സോണുകളിലുള്ള ജോയിന്റ് കമ്മീഷണര്‍മാര്‍ക്ക് മേയര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. വേണമെങ്കില്‍ 40 ശതമാനം ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാമെന്നും ഉത്തരവില്‍ ഉണ്ട്.
നിലവില്‍ ബോര്‍ഡ് കന്നഡ ഭാഷയിലാക്കത്തവര്‍ക്ക് നവംബര്‍ 30 വരെ സമയപരിധി അനുവദിക്കുകയും ചെയ്തിരുന്നു. പബ്ബുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്. ഉത്തരവിനെതിരെ ചില വ്യാപാര സംഘടനകള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല എന്നാണ് ലഭിക്കുന്ന സൂചന.
