കൊച്ചി: മിശ്രവിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതിയുടെ പരാമര്‍ശം. മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എല്ലാ പ്രണയ വിവാഹങ്ങളെയും ഖര്‍വാപ്പസിയായും ലൗ ജിഹാദായും പ്രചരിപ്പിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ സ്വദേശി ശ്രുതിയുടെ വിവാഹം ലൗ ജിഹാദല്ലെന്നും പ്രണയത്തിന് അതിര്‍വരമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശ്രുതിയെ അനീസിനൊപ്പം പോകാന്‍ അനുവദിച്ചു.
കണ്ടനാട്ടെ വിവാദ യോഗ സെന്ററിനെതിരെ പരാതി നല്‍കിയ ശ്രുതിയുടെ കേസില്‍ ലൗ ജിഹാദിന്റെ സൂചനകള്‍ ഒന്നും കാണുന്നില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാ ഹേബിയസ് കോര്‍പ്പസ് കേസുകളും വിവാദമാക്കരുതെന്നും മറ്റ് മതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നതിനെ ജിഹാദെന്നോ ഘര്‍ വാപ്പസിയെന്നോ വിളിക്കരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.
ബലപ്രയോഗം വഴിയുളള മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി കര്‍ശന നടപടിക്കു പൊലീസിന് നിര്‍ദേശം നല്‍കി. കണ്ണൂരിലെ ശ്രുതിയുടെ കേസ് പരിഗണിക്കുമ്പോഴാണു പരാമര്‍ശം. സംസ്ഥാനത്തേ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത മതംമാറ്റ കേന്ദ്രങ്ങളോ മതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 