
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ടുദിവസത്തിനിടെ 21 പേര്‍ മരിച്ചതോടെ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവജാഗ്രത നിര്‍ദ്ദേശം പ്രഖ്യാപിച്ചു. ഇന്നലെ മാത്രം കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഏഴുപേരും ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളില്‍ ഓരോരുത്തരും മരിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ ഇന്നലെവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ 269 പേര്‍ ചികില്‍സ തേടി. കോട്ടയം ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 40 പേര്‍ രോഗബാധിതരായിരിക്കുന്നു. കഴിഞ്ഞമാസം എലിപ്പനി സംശയിച്ചു ചികില്‍സ തേടിയ 559 പേരില്‍ 229 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ 200 എംജി കഴിക്കണം.
കഴിഞ്ഞയാഴ്ച കഴിച്ചവര്‍ ഈ ആഴ്ചയും കഴിക്കണം. ശക്തമായ പനി, തലവേദന, ശരീരവേദന, പേശീവേദന, കണ്ണിനു ചുവപ്പ്, മഞ്ഞപ്പിത്തം തുടങ്ങിയവയാണു രോഗലക്ഷണങ്ങള്‍. എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ചികില്‍സാ പ്രോട്ടോക്കോള്‍ പുറത്തിറക്കി. എലിപ്പനി ശക്തമായി നിയന്ത്രിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രോട്ടോകോള്‍. ഈ പ്രോട്ടോകോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി.