കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. ഹൗറ അന്ത്യോദയ എക്‌സ്പ്രസാണ് ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്. ട്രെയിനിന്റെ എഞ്ചിനില്ലാത്ത ഭാഗം തനിയെ ഉരുണ്ട് റെയിലില്‍ കയറിയെന്നാണ് അധികൃതര്‍ പറയുന്നത്. ട്രെയിന്‍ റെയിലില്‍ കയറിയതോടെ സിഗ്‌നലുകള്‍ ഓഫാവുകയായിരുന്നു. യാത്ര തുടങ്ങാന്‍ തയാറായി നില്‍ക്കുന്ന എറണാകുളം -നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനിനു നേരെയാണ് പാളം തെറ്റിയ ട്രെയിന്‍ വന്നിരുന്നത്. സംഭവം പാസഞ്ചര്‍ ട്രെയിനിന്റെ ലോകോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

നീണ്ട അവധി ദിവസങ്ങള്‍ കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ ട്രെയിനുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം-എറണാകുളം വേണാട് എക്‌സ്പ്രസ് മുളന്തുരുത്തി സ്റ്റേഷനില്‍ പിടിച്ചിട്ടു. സൗത്ത് സ്റ്റേഷന്‍ വഴി പോകേണ്ട വേണാട് എക്‌സ്പ്രസും കേരള എക്‌സ്പ്രസും എറണാകുളം നോര്‍ത്ത്, തൃപ്പൂണിത്തുറ വഴി തിരിച്ചു വിട്ടുവെന്നും ബെംഗ്‌ളൂരു-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകുമെന്നും അധികൃതര്‍ അറിയിച്ചു.