
എറണാകുളം ലാത്തിച്ചാര്‍ജിലെ പരാതികള്‍ അന്വേഷിക്കാന്‍ സി.പി.ഐ കമ്മീഷനെ നിയോഗിച്ചു. ഡി.ഐ.ജി ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനും പാര്‍ട്ടിക്ക് ക്ഷീണം വരാനിടയായ സാഹചര്യത്തെകുറിച്ചും അന്വേഷിക്കാനുമാണ് കമ്മീഷന്‍. കാനത്തിന്‍റെ പ്രസ്താവനകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കമ്മീഷന്‍ പരിശോധിക്കും.
കെ.പി രാജേന്ദ്രന്‍, വി ചാമുണ്ണി, പി.പി സുനീര്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക. രാവിലെ നടന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവിലെ പ്രധാനചര്‍ച്ചാവിഷയം എറണാകുളം ലാത്തിച്ചാര്‍ജും തുടര്‍ സംഭവവികാസങ്ങളുമായിരുന്നു. കാനത്തിന്‍റെ പ്രസ്താവനകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ കാരണമായെന്ന് അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാട്ടി.

ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് എറണാകുളത്തെ പ്രവര്‍ത്തകരില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ച കാര്യവും കാനം യോഗത്തെ അറിയിച്ചു. ഇവ അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ വെക്കണമെന്ന് കാനം തന്നെ യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു. റിപ്പോര്‍ട്ടിങ് വേളയില്‍ കാനം രാജേന്ദ്രന്‍ ഈ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു.
മുഖ്യമന്ത്രിയുമായി വേദി പങ്കിടുമ്പോഴാണ് ലാത്തിച്ചാര്‍ജ് നടക്കുന്നതെന്ന് കാനം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. ഇതാണ് താന്‍ ഒഴിഞ്ഞുമാറി എന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. പിന്നീട് എറണാകുളത്ത് താന്‍ നേരിട്ട് കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി തന്നെ വിളിച്ച് അന്വേഷണം നടത്താമെന്ന് അറിയിച്ചു.
എന്നാല്‍ സാധാരണ അന്വേഷണം പോരെന്നും ഉന്നതതല അന്വേഷണം വേണമെന്നും താന്‍ ആവശ്യപ്പെട്ടു.
അതിനെ തുടര്‍ന്നാണ് കളക്ടറുടെ അന്വേഷണം പ്രഖ്യാപിച്ചത്. പിന്നീടുള്ള തന്‍റെ പ്രതികരണങ്ങളും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നെന്നും കാനം വ്യക്തമാക്കി.
