എയര്‍ ഇന്ത്യ വിറ്റഴിക്കല്‍ ; സര്‍ക്കാരിന്‍റെ നീക്കം രാജ്യദ്രോഹം; കുടുംബസ്വത്ത് വിറ്റു തുലയ്ക്കുന്നെന്ന് സുബ്രഹ്മണ്യം സ്വാമി

  • Post category:news
  • Reading time:1 min read
You are currently viewing എയര്‍ ഇന്ത്യ വിറ്റഴിക്കല്‍ ; സര്‍ക്കാരിന്‍റെ നീക്കം രാജ്യദ്രോഹം; കുടുംബസ്വത്ത് വിറ്റു തുലയ്ക്കുന്നെന്ന് സുബ്രഹ്മണ്യം സ്വാമി

എയര്‍ ഇന്ത്യയെ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്ന സ്വരം. വിമാനക്കമ്പനിയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ പോകുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യം സ്വാമിയാണ് ആദ്യം രംഗത്ത് എത്തിയിരിക്കുന്നത്. കോടതിയെ സമീപിക്കുമെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ഭീഷണി.

എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള നീക്കം പ്രതിപക്ഷത്തിനും രാജ്യത്തിന്‍റെ സാമ്പത്തീക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി അടിക്കാനുള്ള വടിയായി മാറിയിരിക്കുകയാണ്.കുടുംബ സ്വത്ത് നഷ്ടം വന്നാല്‍ അത് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും അല്ലാതെ വിറ്റു തുലയ്ക്കല്‍ അല്ല മാര്‍ഗ്ഗമെന്നുമായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്. തിരിച്ചുവരാനുള്ള സൂചന എയര്‍ ഇന്ത്യ കാട്ടിത്തുടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് വില്‍ക്കാനൊരുങ്ങുന്നത്.

കുടുംബ സ്വത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇപ്പോള്‍ ചെറിയ നഷ്ടം മാത്രമാണ് നേരിടുന്നതെന്നും സര്‍ക്കാരിന്‍റെ നീക്കം രാജ്യദ്രോഹമാണെന്നും പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലും രംഗത്ത് വന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാപ്പരാകുന്ന ഘട്ടത്തിലാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്.

”സര്‍ക്കാരിന്‍റെ കൈയില്‍ പണമില്ലാത്ത അവസ്ഥയില്‍ ആണ് അവര്‍ ഇത് ചെയ്യുന്നത്. നമ്മുടെ പക്കലുണ്ടായിരുന്ന വിലപ്പെട്ട എല്ലാ സ്വത്തുക്കളും അവര്‍ വിറ്റുതീര്‍ക്കുകയാണ്. ഇന്ത്യാ ഗവണ്‍മെന്റിന്‍റെ പക്കല്‍ ഒരു രൂപ പോലുമില്ല. വളര്‍ച്ച അഞ്ച് ശതമാനത്തില്‍ കുറവാണ്. എം.എന്‍.ആര്‍.ജി.എയുടെ കീഴില്‍ ദശലക്ഷക്കണക്കിന് രൂപ കുടിശ്ശികയുണ്ട്.”, കപില്‍ സിബല്‍ പറഞ്ഞു.

2020 മാര്‍ച്ച് 20 വരെയാണ് താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ഏറ്റെടുക്കുന്നവര്‍ കമ്പനിയുടെ 23000 കോടി രൂപ വരുന്ന കടബാധ്യത പൂര്‍ണ്ണമായും ഏറ്റെടുക്കേണ്ടി വരും. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും വാങ്ങാന്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് ഇത്തവണ ചില നിബന്ധനകള്‍ പുനഃപരിശോധിച്ചു മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 60,000 കോടി രൂപയോളമാണ് പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ കടം.

0Shares