
തിരുവനന്തപുരം: സംസ്ഥാനത്തെ ഡി.ജി.പിമാർക്കും ഐ.എ.എസ് ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി ‘എന്‍റെ പോലീസ് ജീവിതം’ എന്ന പേരിൽ മുൻ പോലീസ് മേധാവി ടി. പി സെൻകുമാറിന്‍റെ സർവീസ് സ്റ്റോറി വരുന്നു. പെരുമ്പാവൂരില്‍ നടന്ന പെണ്‍കുട്ടിയുടെ കൊലപാതകം സി.പി.എം സ്പോണ്‍സേർഡാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ തന്നോട് വെളിപ്പെടുത്തിയെന്നും സെൻകുമാർ പുസ്തകത്തിൽ ആരോപിക്കുന്നു. തന്നെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്നും പുറത്താക്കാൻ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം.
അതേപോലെ, താൻ വീണ്ടും സംസ്ഥാന പോലീസ് മേധാവി ആകാതിരിക്കാൻ ലോക്നാഥ് ബെഹ്റ ഡല്‍ഹിയില്‍ സ്വാധീനം ചെലുത്തിയെന്നാണ് സർവ്വീസ് സ്റ്റോറിയിൽ സെൻകുമാർ ഉയർത്തുന്ന മറ്റൊരു പ്രധാന ആരോപണം.
സെൻകുമാറിന് കേരളത്തില്‍ പോലീസ് മേധാവി സ്ഥാനം തന്നെ നഷ്ടപ്പെടാൻ ഇടയാക്കിയ പെരുമ്പാവൂരിലെ പെൺകുട്ടിയുടെ കൊലയെകുറിച്ചാണ് സെൻകുമാർ ഏറ്റവും ഗുരുതര ആരോപണം ഉയർത്തുന്നത്. സി.പി.എം സ്പോൺസേർഡ് കൊലപാതകമാണ് ഇതെന്ന് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥ തന്നോട് മൂന്ന് തവണപറഞ്ഞുവെന്നാണ് സെൻ കുമാറിന്‍റെ വെളിപ്പെടുത്തൽ.

എന്നാൽ ഈ കേസ് ഈ ഉദ്യോഗസ്ഥ തന്നെ പിന്നീട് ഏറ്റെടുത്തപ്പോൾ പരാമർശത്തെകുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സെൻ കുമാർ പുസ്തകത്തിൽ പറയുന്നു. തലസ്ഥാനത്തെ എം.ജി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെ താൻ പോലീസുകാരന്‍റെ തൊപ്പി തട്ടിപ്പറിച്ച സംഭവത്തിൽ തനിക്കെതിരെ സർക്കാറിന് പരാതി കൊടുക്കാൻ മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവ ഇടപെട്ടു എന്നാണ് സെൻ കുമാറിന്‍റെ മറ്റൊരു ആരോപണം.
ഐ.എസ്ആർ.ഒ കേസ് അന്വേഷിച്ചതിലുള്ള വൈരാഗ്യം കാരണമാണ് രമൺ ശ്രീവാസ്തവ തനിക്കെതിരെ പ്രവർത്തിച്ചത്. ഈ ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരനാണെന്ന് പുസ്തകത്തിൽ സെൻകുമാർ ആവർത്തിക്കുന്നു. നമ്പി നാരായണന് എല്ലാ കാലത്തും സത്യം മൂടിവെക്കാനാകില്ലെന്നും സെൻകുമാർ പറയുന്നു.
ഡി.ജി.പി ജേക്കബ് തോമസിന്‍റെ എല്ലാ പ്രവർത്തനങ്ങളും ദുരൂഹമാണെന്നും ഋഷിരാജ് സിംഗ് പബ്ളിസിറ്റിയുടെ ആളാണെന്നും സെൻകുമാർ പുസ്തകത്തിൽ ആക്ഷേപിക്കുന്നു. വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം. പോളിനെ ബാർ കോഴകേസിൽ കരിവാരിത്തേക്കാൻ ജേക്കബ് തോമസ് ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
