
തിരുവനന്തപുരം: നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സി യെ രക്ഷിക്കാന്‍ എം.ഡി രാജ്യമാണിക്യം ജീവനക്കാര്‍ക്ക് അയച്ച കത്തിന് ഫലം കാണുന്നു. കത്തിനെ തുടര്‍ന്ന് ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്നു അര്‍ധരാത്രി മുതല്‍ പണിമുടക്കു തുടങ്ങും. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയനാണ്(എ.ഐ.ടി.യു.സി) 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘവും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് എം.ഡി ജീവനക്കാര്‍ക്കായി ഇങ്ങനെ ഒരു കത്തെഴുതുന്നത്. കെ.എസ്.ആര്‍.ടി.സി യുടെ യാത്ര വന്‍ നഷ്ടക്കണക്കുകളിലൂടെ നീങ്ങുകയാണെന്നും പരിഷ്‌കാര നടപടികളിലൂടെ മാത്രമേ ആനവണ്ടിയെ കരകയറ്റാനാകൂവെന്നുമാണ് എംഡി രാജമാണിക്യത്തിന്റെ നിലപാട്. ആറുകോടിയിലേറെ രൂപയാണ് പ്രതിദിന നഷ്ടം. പ്രതിദിനം സര്‍വീസുകളുടെ നടത്തിപ്പിനും വായ്പ തിരിച്ചടവിനുമായി ചെലവഴിക്കുന്നത് 11.91 കോടി. എന്നാല്‍ ശരാശരി പ്രതിദിന വരുമാനം 5.76 കോടി രൂപ മാത്രം. ഡ്യൂട്ടി പരിഷ്‌കാരം ഉള്‍പ്പെടെയുള്ളവയ്ക്കു പിന്തുണ തേടി സി.എം.ഡി എം.ജി രാജമാണിക്യം ജീവനക്കാര്‍ക്ക് എഴുതിയ കത്തിലാണു പുതിയ നഷ്ടക്കണക്ക്. ശമ്പളത്തിനും പെന്‍ഷനും പുറമേ ഡീസലിനു പോലും കടം വാങ്ങേണ്ട അവസ്ഥയുണ്ട്. സാഹചര്യത്തിലാണ് രാജമാണിക്യം കോര്‍പറേഷനെ രക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് കത്ത് എഴുതിയത്.

ഡബിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കിയതോടെ ജീവനക്കാരുടെ ശമ്പളത്തില്‍ 6,000 മുതല്‍ 8,000 രൂപ വരെ കുറവ് അനുഭവപ്പെടുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. എല്ലാദിവസവും ഓഫീസില്‍ എത്തുന്ന ജീവനക്കാര്‍ക്ക് പല ദിവസങ്ങളിലും ഡ്യൂട്ടി ലഭിക്കാതെ തിരികെ പോകേണ്ടി വരുന്നു. അങ്ങനെയുള്ള ദിവസങ്ങളിലെ ശമ്പളം ലഭിക്കാറില്ല. സോണല്‍ ഓഫീസില്‍ നിന്നും ഓരോ ദിവസവും ഇറക്കുന്ന സര്‍ക്കുലറുകളില്‍ കൂടിയോ ഫോണിലൂടെയോ ഉള്ള നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കായ പരിഷ്‌ക്കാരത്തെ കുറിച്ച് ജീവനക്കാര്‍ക്ക് ഒരു ധാരണയുമില്ല. ഉള്ള ശമ്പളം കൃത്യമായി ലഭിക്കാറില്ല, സ്‌കൂള്‍ തുറന്ന സമയത്തു പോലും ശമ്പളം കിട്ടാതെ കടം വാങ്ങേണ്ട സ്ഥിതിയാണുള്ളത്. പരിഷ്‌ക്കാരങ്ങള്‍ക്ക് ജീവനക്കാര്‍ എതിരല്ല എന്ന് പറയുമ്പോഴും മറ്റു വകുപ്പുകളില്‍ലുള്ള ജോലി സുരക്ഷിതത്വം കെ.എസ്.ആര്‍.ടി.സി യില്‍ ഇല്ലെന്നും ജീവനക്കാര്‍ പറയുന്നു. മെയ് ഒന്നിന് നടപ്പാക്കിയ മെക്കാനിക് പരിഷ്‌ക്കരണവും പുതിയ ഡ്യൂട്ടിപരിഷ്‌ക്കാരവും സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെപേരില്‍ കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയ എല്ലാ പരിഷ്‌ക്കാരങ്ങളും പരാജയമാണ്. തൊഴിലാളികളുടെ ജീവനെടുക്കുന്ന പരിഷ്‌ക്കാരങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന ആവശ്യവുമായാണ് ജീവനക്കാര്‍ സമരം നടത്താനൊരുങ്ങുന്നത്.
