എം.എം.മണിയുടെ നാക്ക് വീണ്ടും ചൊറിയുന്നു; ‘കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീപീഡന വിദഗ്ദ്ധര്‍’

  • Post category:news
  • Reading time:1 min read
You are currently viewing എം.എം.മണിയുടെ നാക്ക് വീണ്ടും ചൊറിയുന്നു; ‘കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീപീഡന വിദഗ്ദ്ധര്‍’

ഇടുക്കി: പാര്‍ട്ടിയുടെ ശാസന പാടെ അവഗണിച്ചു കൊണ്ട് മന്ത്രി എം.എം. മണി വീണ്ടും രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് ഇത്തവണത്തെ തെറി അഭിഷേകം. കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീപീഡനത്തിലൂടെ കുപ്രസിദ്ധി നേടിയവരാണെന്നും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കാനും ഗുണദോഷിക്കാനും കോണ്‍ഗ്രസിന് യാതൊരുവിധ അവകാശവുമില്ലെന്ന് മണി പറഞ്ഞു. ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളടക്കമുള്ളവര്‍ സ്ത്രീ പീഡനത്തിന് പേരുകേട്ടവരാണ്. സ്ത്രീ പീഡനം നടത്തിയത് ആരാണെന്നുള്ള കാര്യവും എല്ലാവര്‍ക്കും നന്നായി അറിയാം. അത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ ഏതെങ്കിലും നേതാക്കന്മാര്‍ സ്ത്രീ പീഡനം നടത്തിയതായി കേട്ടിട്ടുണ്ടോ എന്നും അത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉയര്‍ന്നിട്ടുണ്ടോ എന്നും മണി ചോദിച്ചു.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെ മണി വിമര്‍ശിച്ചു. എല്ലാവരും പങ്കെടുക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ചെന്നിത്തല യോഗത്തില്‍ പങ്കെടുക്കാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ ‘പെമ്പിളൈ ഒരുമൈ’ പ്രവര്‍ത്തകരുടെ സമരത്തിന് പിന്തുണയുമായെത്തിയ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ്, ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയും മണി ആഞ്ഞടിച്ചു. സുര്യനെല്ലി കേസിലും നിലമ്പൂര്‍ സംഭവത്തിലും പ്രതിഷേധിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ മാത്രമായിരുന്നു. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ലെന്നും മണി പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായവര്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനമാനങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ‘പെമ്പിളൈ ഒരുമൈ’ പ്രവര്‍ത്തകരുടെ സമരത്തില്‍ ഇടപെടില്ല. അത് തുടങ്ങിയത് കോണ്‍ഗ്രസും ബി.ജെ.പിയും ആംആദ്മി പാര്‍ട്ടിയും ചേര്‍ന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares