
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചനാ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നറിയുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. നടി നല്‍കിയ പരാതിയെ തുടര്‍ന്ന് ആദ്യം പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം നടന്ന അന്വേഷണത്തിലാണ് ദിലീപിലേക്ക് അന്വേഷണം നീളുന്നത്.

ഇതിനെത്തുടര്‍ന്നാണ് ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തത്. ഇതില്‍ നിന്ന് പോലീസിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന്റ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ ദിലീപിന്റെ അറസ്റ്റിൽ കൊണ്ടെത്തിച്ചത്. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുമായുള്ള ബന്ധമാണ് ദിലീപിന് വിനയായത്. അറസ്റ്റിലായ പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ കഥയാകെ മാറി. ഇതിനുശേഷം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനത്തിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയില്‍ ദിലീപിന്റെ അറസ്റ്റിലേയ്ക്ക് നീളുന്ന നിര്‍ണായകമയ തെളിവുകൾ ലഭിച്ചുവെന്നാണ് വിവരം.
