
യു.പിയിലെ ബി.ജെ.പി എം.എല്‍.എയ്ക്കെതിരേ മാനഭംഗ പരാതി നല്കിയ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിന് വഴിവെച്ച ട്രക്കിന്‍റെ ഉടമയെ തിരിച്ചറഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിങ്ങിന്‍റെ മരുമകനാണ് ട്രക്ക് ഉടമയായ അരുണ്‍ സിങ്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെഏഴാം പ്രതിസ്ഥാനത്തുള്ള അരുണ്‍ സിങ് ബി.ജെ.പി നേതാവും ഉന്നാവ് ബ്ലോക്ക് പ്രസിഡന്റുമാണ്.

ഇയാള്‍ക്ക് ലോക് സമാജ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടിച്ച ലോറിയുടെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ചു മായ്ച്ച നിലയിലായിരുന്നുവെന്നു നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതേസമയം ഇരയായ പെണ്‍കുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് അയച്ച കത്ത് ഇന്ന് പരിഗണിക്കും. രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാവും കേസ് പരിഗണിക്കുക.
അപകടം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സ്വമേധയാ ഹര്‍ജിയായി സ്വീകരിച്ചാണ് വിഷയം കോടതി ഏറ്റെടുത്തത്. അങ്ങേയറ്റം കലുഷിതമായ സാഹചര്യമാണിതെന്നായിരുന്നു വിഷയത്തോട് ചീഫ്ജസ്റ്റിസ് പ്രതികരിച്ചത്. ഇരയുടെയും കുടുംബത്തിന്‍റെയും സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിടുമെന്നും ചീഫ്ജസ്റ്റിസ് സൂചിപ്പിച്ചു.
