
ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമല പച്ചക്കാട്ടില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരു കുട്ടിയും ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരുമാണുള്ളത്. ഒരു പുരുഷന്‍ തമിഴ്‌നാട് സ്വദേശിയാണ്. ഇടയ്ക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. മോശം കാലാവസ്ഥയും ഇരുട്ടിനെയും തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെയാണു തുടങ്ങിയത്. പ്രദേശത്ത് മണ്ണിടിച്ചിലും തുടരുന്നുണ്ട്.

ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ മണ്ണിനടിയില്‍ പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. അന്‍പത് പേര്‍ ഇവിടെ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 15 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. എട്ടുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുതല്‍ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നതായും പ്രദേശവാസികള്‍ പറയുന്നുണ്ട്.
വൈകിട്ട് അഞ്ചോടെയാണ് അതിഭീകര ഉരുള്‍പൊട്ടലുണ്ടായത്. രണ്ടു എസ്റ്റേറ്റു പാടിയും പള്ളിയും അമ്പലവും മറ്റു സ്ഥാപനങ്ങളും ഉള്ള പ്രദേശത്താണ് ഉരുള്‍പൊട്ടിയത്. പുത്തുമലയുടെ ഒരു ഭാഗം അപ്പാടെ താഴേക്ക് ഒലിച്ചുപോകുകയായിരുന്നു. പുത്തുമല പച്ചക്കാട്ടിലെ ചായക്കടയില്‍ ഉണ്ടായിരുന്നവര്‍ ഭീകര ദൃശ്യം കണ്ട് ഓടി രക്ഷപ്പെട്ടു. തേയിലത്തോട്ടത്തില്‍ ജോലിക്കെത്തിയ ആസാം സ്വദേശികളടക്കം മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ ആളുകള്‍ മണ്ണിനടിയില്‍ പെട്ടതായാണു വിവരം. റോഡുകളെല്ലാം ഒലിച്ചു പോയതിനാല്‍ രാത്രി 9.30-നും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞില്ല.
