തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും. കൊല നടന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറയുന്നത്. സംഭവത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികള്‍. മോഷണ കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സി.ഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാര്‍ ഉരുട്ടി കൊലപ്പെടുത്തിയെന്നും ഉന്നത ഉദ്യോഗസ്ഥര്‍ സംഭവത്തിന് ശേഷം ഗൂഢാലോചന നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സിബിഐ കേസ്. മൂന്ന് പൊലീസുകാര്‍ പ്രതികളായിരുന്ന കേസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അട്ടിമറിച്ചതായി സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി. സിബിഐ അന്വേഷണം നടത്തിയ ശേഷം ഉദയകുമാറിനെ കൊലപ്പെടുത്തിയതിനും തെളിവ് നശിപ്പിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമായി രണ്ട് കേസുകള്‍ എടുത്തു. 2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഉരുട്ടികൊലനടന്നത് .മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.
കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്ഐ,അജിത്കുമാര്‍, സിഐ സാബു ,ഫോര്‍ട്ട് അസിസ്റ്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് ഗൂഢാേലാചന നടത്തുകയും ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ മോഷണ മുതലായ 4220 രൂപ പൊലീസ് പിടിച്ചെടുത്തെന്ന് വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളും സാക്ഷികളും എല്ലാം പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് ഈ കേസിനെ വ്യത്യസ്ഥമാക്കുന്നത്. വിചാരണ വേളയില്‍ ദൃക്സാക്ഷി സുരേഷ്‌കുമാറും സാക്ഷി പട്ടികയില്‍ ഉള്‍പെടുത്തിയ നിരവധി പോലീസ് ഉദ്യോഗസ്ഥരും കൂറുമാറിയിരുന്നു. എന്നാല്‍ മാപ്പുസാക്ഷികളായി സാക്ഷി പട്ടികയില്‍ ഉള്‍പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി പൂര്‍ണമായും പ്രതിഭാഗത്തിന് എതിരാണ്. പ്രോസിക്യൂഷന് വേണ്ടി 214രേഖകളും 12തൊണ്ടി മുതലുകളുംപ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.
ഉരുട്ടിക്കൊല; പ്രതികള്‍ക്കെതിരായുള്ള വിധി കോടതി ഇന്ന് പ്രഖ്യാപിക്കും