
കാലിഫോര്‍ണിയ: അടുത്തിടെ തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന്‍റെ പേരില്‍ വിവാദത്തിലായ ഫേസ്ബുക്ക് മുഖം രക്ഷിക്കാന്‍ പരിഷ്‌കരണത്തിനൊരുങ്ങുന്നു. ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള വാര്‍ത്തകള്‍ എത്തിക്കുന്നതിനായി എഡിറ്റര്‍മാരെ നിയമിക്കാനാണ് തങ്ങളുടെ പുതിയ തീരുമാനമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ജര്‍മന്‍ ന്യൂസ് പബ്ലിഷിങ് ഹൗസായ ഏക്സല്‍ സ്പ്രിങ്ങറിന്‍റെ സി.ഇ.ഒ. മത്തേവൂസ് ഡെഫ്നറുമായി സക്കര്‍ബര്‍ഗ് ചര്‍ച്ച നടത്തി.

ജനങ്ങളിലേക്ക് വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ നല്‍കുന്നതിനായി സാമൂഹികമാധ്യമത്തില്‍ ഒരു വാര്‍ത്താവിഭാഗം തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മൂന്നാം പാര്‍ട്ടി നല്‍കുന്ന വാര്‍ത്തകള്‍ പ്രൊമോട്ട് ചെയ്യുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്ന നിലവാരമുള്ളതും വിശ്വാസയോഗ്യവുമായ ലേഖനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഫേസ്ബുക്ക് പ്രതിഫലം നല്‍കുകയും ചെയ്യും. ഈ വര്‍ഷം ഒടുവില്‍ ഈ സംവിധാനം പ്രവര്‍ത്തനമാരംഭിക്കും.
ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ഉപയോഗിക്കുന്ന ഫേസ്ബുക്കിന്‍റെ പരമ്പരാഗതരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. ഒരു വ്യക്തി ഫേസ്ബുക്ക് ആദ്യമെടുക്കുമ്പോള്‍ത്തന്നെ വരുന്ന ന്യൂസ് ഫീഡിനു സമാന്തരമായായിരിക്കും വാര്‍ത്താവിഭാഗവും ഉപഭോക്താവിനു കാണാനാവുക. ഫേസ്ബുക്കിന്‍റെ 10-20 ശതമാനം ഉപഭോക്താക്കള്‍ ഈ പുതിയ സംവിധാനത്തോടു താത്പര്യം പ്രകടിപ്പിച്ചതായും സക്കര്‍ബര്‍ഗ് പറഞ്ഞു.
