ഉന്നാവ് : ബലാത്സംഗക്കേസ് പ്രതികൾ തീ കൊളുത്തിയ പെൺകുട്ടി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഉന്നാവ് : ബലാത്സംഗക്കേസ് പ്രതികൾ തീ കൊളുത്തിയ പെൺകുട്ടി മരിച്ചു

ലൈംഗിക പീഡന പരാതി നൽകിയതിനു ബലാത്സംഗക്കേസ് പ്രതികൾ തീയിട്ടു കൊല്ലാൻ ശ്രമിച്ച ഉന്നാവിലെ പെൺകുട്ടി സഫ്ദർജങ് ആശുപത്രിയിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് മരണമുണ്ടായതെന്ന് സഫ്ദർജങ് ആശുപത്രി വക്താവ് അറിയിച്ചു. 11.10 നാണ് പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് പൊള്ളൽ ചികിത്സാവിഭാഗത്തിലെ തലവൻ ഡോ.ശലഭ് കുമാർ അറിയിച്ചു.

ഹൃദയാഘാതത്തിനുള്ള ചികിൽസ നൽകിയെങ്കിലും 11.40 ഓടെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ ലഭ്യമാകാൻ വൈകിയതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം 23കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്.

അക്രമികളില്‍ രണ്ടുപേര്‍ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ലഖ്‌നൗവിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സഫ്ദാര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മര്‍ദിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു.

നേരത്തെ, ബി.ജെ.പി എം.എൽ.എയ്ക്കെതിരെ പീഡന പരാതി ഉന്നയിച്ച യു.പിയിലെ ഉന്നാവ് പെൺകുട്ടി നേരിട്ട അതേ സാഹചര്യങ്ങളിലൂടെയാണ് ഉന്നാവിൽനിന്നുള്ള ഈ പെൺകുട്ടിയും കടന്നുപോയത്. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു. പ്രത്യേക ഐ.സി.യു യൂണിറ്റ് സജ്ജമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സഫ്ദർജങ് മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ഗുപ്തയും അറിയിച്ചു.

0Shares