
കഴിഞ്ഞ ദിവസം ദുരൂഹമായ സാഹചര്യത്തിൽ ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ചു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും മരിച്ചു. അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവരെയും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണു റാബറേലിയില്‍ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിരെ വന്ന ട്രക്ക് വന്നിടിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്. ബന്ധുവിനെ സന്ദർശിച്ച് വരുന്ന വഴിയായിരുന്നു അപകടം. പെണ്‍കുട്ടിയുടെ അഭിഭാഷകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. എതിരെ വന്ന ട്രക്കിനു കടന്നുപോകാൻ തക്കവണ്ണം വീതികൂടിയ വഴിയായിരുന്നെങ്കിലും അപകടം നടന്നതിൽ ദുരൂഹതയുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
അതേസമയം ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലാരുന്നുവെന്നും പെണ്‍കുട്ടിക്കുണ്ടായിരുന്ന പോലീസ് സുരക്ഷ സംഭവ ദിവസം ഇല്ലായിരുന്നെന്നുമാണ് വിവരം. കോടതി അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ രണ്ടുദിവസം മുന്‍പ് യു.പി പൊലീസ് അകാരണമായി പിന്‍വലിച്ചെന്നാണ് ആക്ഷേപം.

എന്നാല്‍ കുടുംബം പറഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തെ സംബന്ധിച്ച് വിശദ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഡ്രൈവറും വാഹന ഉടമയും അറസ്റ്റിലായിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ലക്നൗവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും കൊല്ലപ്പെട്ടിരുന്നു.
യുവതിയുടെ പിതാവ് നേരത്തെ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. മകളെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ ലൈംഗികമായി അക്രമിച്ച സംഭവത്തില്‍ കുടുംബത്തോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിയ്ക്കുമുന്നില്‍ നേരത്തെ പ്രതിഷേധിക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുല്‍ദീപ് സെന്‍ഗാറിന്‍റെ സഹോദരന്‍ അതുല്‍ സെന്‍ഗാറിന്‍റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പിതാവ് പോലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെടുകയായിരുന്നു. ഈ കേസില്‍ മുഖ്യസാക്ഷിയായ യൂനസ് എന്നയാളും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു.
