ഉന്നാവോ അപകടം; പിന്നില്‍ നടന്നത് വന്‍ ഗൂഡാലോചന; പെണ്‍കുട്ടിയുടെ കാറില്‍ ഇടിച്ച ട്രക്ക് സമാജ് വാദി പാര്‍ട്ടി നേതാവിന്‍റെ അനുജന്‍റെ പേരിലുള്ളത്

  • Post category:news
  • Reading time:1 min read
You are currently viewing ഉന്നാവോ അപകടം; പിന്നില്‍ നടന്നത് വന്‍ ഗൂഡാലോചന; പെണ്‍കുട്ടിയുടെ കാറില്‍ ഇടിച്ച ട്രക്ക് സമാജ് വാദി പാര്‍ട്ടി നേതാവിന്‍റെ അനുജന്‍റെ പേരിലുള്ളത്

ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ കുടുംബം സഞ്ചരിച്ച കാറില്‍ ഇടിച്ച ട്രക്കിന്‍റെ ഉടമ സമാജ് വാദി പാര്‍ട്ടി നേതാവിന്‍റെ സഹോദരനെന്ന് പോലീസ്.
സമാജ് വാദിപാര്‍ട്ടി നേതാവ് നന്ദു പാലിന്‍റെ ഇളയ സഹോദരനായ ദേവേന്ദ്ര പാലിന്‍റെ പേരിലാണ് ട്രക്കെന്ന് പോലീസ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫത്തേപൂര്‍ ജില്ലയില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി നേതാവാണ് നന്ദുപാല്‍. ഇദ്ദേഹത്തിന് ദേവേന്ദ്ര പാല്‍, മുന്നാ പാല്‍, ദിലീപ് പാല്‍ എന്നീ മൂന്ന് സഹോദരങ്ങളാണ് ഉള്ളത്. മൂന്ന് പേര്‍ക്കും കൂടി 27 ട്രക്കുകളാണ് ഉള്ളത്. ഇതില്‍ ദേവേന്ദ്രപാലിന്‍റെ പേരിലുള്ള ട്രക്കാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം കേസില്‍ യു.പി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് യു.പി സര്‍ക്കാര്‍ കത്ത് നല്‍കി. വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. സംഭവം ആസൂത്രിതമാണെന്ന് യുവതിയുടെ കുടുംബവും ആരോപിച്ചിരുന്നു.

അതേസമയം പെണ്‍കുട്ടിയ്ക്ക് നല്‍കിപ്പോന്ന പോലീസ് സുരക്ഷ കഴിഞ്ഞ ദിവസം പിന്‍വലിച്ചതിലും കുടുംബം ദുരൂഹത ആരോപിച്ചിട്ടുണ്ട്. കോടതി അനുവദിച്ചിരുന്ന പോലീസ് സുരക്ഷ രണ്ടുദിവസം മുന്‍പ് യു.പി പോലീസ് അകാരണമായി പിന്‍വലിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ കുടുംബം പറഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഡ്രൈവറും വാഹന ഉടമയും അറസ്റ്റിലായിട്ടുണ്ട്.

0Shares