തിരുവനന്തപുരം: പ്രമാദമായ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി കെ. ജിതകുമാറിനും രണ്ടാം പ്രതി എസ്.വി ശ്രീകുമാറിനുമാണ് വധശിക്ഷ വിധിച്ചത്. ഇവരില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ഈടാക്കും. ഡിവൈഎസ്പി അജിത് കുമാർ, ഇ. കെ. സാബു എന്നിവർക്ക് ആറു വർഷം തടവും കോടതി വിധിച്ചു. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ചൊവ്വാഴ്ച കേസിലെ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തി എന്നാണ് സിബിഐ കേസ്.
പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനും വ്യാജ രേഖകള്‍ നിര്‍മിച്ചതിനും സിബിഐ കേസെടുത്തിരുന്നു. സോമന്‍ മരിച്ചതോടെ, കേസില്‍ അഞ്ചു പ്രതികളാണ് അവശേഷിച്ചത്. 2005 സെപ്റ്റംബര്‍ 27നാണു കേസിനാസ്പദമായ സംഭവം നടന്നത്. മോഷണ കുറ്റം ആരോപിച്ചു ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് കൊല്ലപ്പെടുന്നത്. കേസില്‍ നിര്‍ണായക വഴിത്തിരിവായത് അന്നത്തെ തിരുവനന്തപുരം ആര്‍.ഡി.ഒ.യുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടായിരുന്നു. പോലീസുകാര്‍ സംഘം ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ അന്നത്തെ ആര്‍.ഡി.ഒ. കെ.വി. മോഹന്‍കുമാറിന് അതിജീവിക്കാന്‍ കഴിഞ്ഞതാണ് കേസിന്റെ ഗതിമാറ്റിയത്.
നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോഷണക്കേസ് പ്രതി അവിടെവെച്ച് മരിച്ചെന്നാണ് ആര്‍.ഡി.ഒ.യ്ക്ക് കിട്ടിയ പോലീസ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് മൃതദേഹപരിശോധനയ്ക്കായി അദ്ദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിയത്. മുണ്ടുടുത്ത് കിടക്കുന്ന യുവാവിന്റെ മുണ്ട് അഴിച്ചുമാറ്റി പരിശോധിച്ചു. തുടയില്‍ ബീറ്റ്റൂട്ടിന്റെ നിറത്തില്‍ വലിയ പാടുകള്‍. അടുത്തുനിന്ന സീനിയര്‍ പോലീസ് ഓഫീസര്‍ സ്‌കിന്‍ ഡിസിസാണെന്ന് പറഞ്ഞ ബോധ്യപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു.വിശ്വാസം വരാത്തതിനാല്‍, ആര്‍.ഡി.ഒ. കരുവാളിച്ചുകിടക്കുന്ന ആ പാടുകളില്‍ തൊട്ടുനോക്കി. സോറിയാസിസ് അല്ലെന്ന് ആര്‍.ഡി.ഒ.യ്ക്ക് മനസ്സിലായി. സംശയം തോന്നിയ അദ്ദേഹം മൃതദേഹം വിശദമായി പരിശോധിച്ചു. ഉപ്പൂറ്റിയില്‍ അടിയേറ്റ പാടുകള്‍. ശരീരത്തില്‍ പലയിടത്തും ഉരഞ്ഞപാടുകളും ചെറിയ പരിക്കുകളും. കസ്റ്റഡിമരണം സംശയിക്കുന്നുവെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ആര്‍.ഡി.ഒ. റിപ്പോര്‍ട്ടിലെഴുതി.
പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. കടുപ്പമുള്ള എന്തോ ഉപകരണംകൊണ്ട് തുടയില്‍ ശക്തിയായി ഉരുട്ടിയതാണ് മരണകാരണം എന്നായിരുന്നു കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം ആര്‍.ഡി.ഒ. ദേശീയ മനുഷ്യാവകാശ കമ്മിഷന് ഉരുട്ടിക്കൊലയാണെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കി. പിന്നീട് കോടതിയില്‍ ശക്തമായ മൊഴിയും നല്‍കി. ഇപ്പോള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് കെ.വി. മോഹന്‍കുമാര്‍.
കേസ് ഇല്ലാതാക്കാന്‍ പൊലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സി.ബി.ഐ അന്വേഷണത്തില്‍ പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; ഒന്നാം പ്രതി കെ. ജിതകുമാറിനും രണ്ടാം പ്രതി എസ്.വി ശ്രീകുമാറിനും വധശിക്ഷ