ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പന്ത്രണ്ട് ജില്ലകളിലായി 69 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. 826 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനഹിതം തേടുന്നത്. ഫറൂഖാബാദ്, ഹാര്‍ദോയി, കനൗജ്, മെയിന്‍പുരി, ഇറ്റാവ, ഔറയ്യ, കാണ്‍പൂര്‍ ദേഹട്ട്, കാണ്‍പൂര്‍ ഉന്നാവോ, ലഖ്നൗ, ബരാബാന്‍കി, സീതാപൂര്‍ ജില്ലകളിലെ 69 മണ്ഡലങ്ങളിലാണ് പോളിംങ്.

മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ്, മരുമകള്‍ അപര്‍ണ യാദവ്, കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയ റീത്ത ബഹുഗുണ ജോഷി, ബിഎസ്പി യില്‍ നിന്ന് ബി.ജെ.പിയില്‍ എത്തിയ ബ്രിജേഷ് പാഠക് എന്നിവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. 2012 ലെ തെരഞ്ഞെടുപ്പില്‍ ഈ 69 സീറ്റുകളില്‍ 55 ലും സമാജ്വാദി പാര്‍ട്ടിയ്ക്കായിരുന്നു വിജയം. അതിനാല്‍ത്തന്നെ മൂന്നാംഘട്ട വോട്ടെടുപ്പ് അഖിലേഷ് യാദവിന് നിര്‍ണ്ണായകമാണ്. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 23, 27, മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് ബാക്കി ഘട്ടങ്ങള്‍. വോട്ടെണ്ണല്‍ മാര്‍ച്ച് 11 ന് നടക്കും.
