ലക്നൗ: ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ കനത്ത കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 58 ആയി. 53 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസമായി 31 ജില്ലകളിലാണ് കനത്ത മഴ അനുഭവപ്പെടുന്നത്. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ആസാമിലും കനത്തമഴയാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ് അനുസരിച്ച് മിര്‍സാപൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വരും മണിക്കൂറില്‍ മഴ കൂടുതല്‍ കനക്കും. ദുരിതബാധിത പ്രദേശങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ദുരിതമേഖലകളില്‍ എത്രയും വേഗം സഹായമെത്തിക്കണമെന്ന് ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ചിലയിടങ്ങളില്‍ വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മഴക്കെടുതിയില്‍ പരുക്കേറ്റവര്‍ക്ക് സൗജ്യന്യ ചികിത്സ ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതേസമയം മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 59,100 രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്. ഹരിയാനയില്‍ യമുനാനഗറില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ഹിമാചല്‍ പ്രദേശില്‍ കിന്നൌറില്‍ രണ്ട് തീര്‍ത്ഥാടനസ്ഥലങ്ങള്‍ മുങ്ങിപ്പോയി. ദേശീയ ദുരന്തനിവാരണസേന 251 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഈ മണ്‍സൂണ്‍ കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ 537 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍പ്രദേശില്‍ മഴക്കെടുതി: മരിച്ചവരുടെ എണ്ണം 58 ആയി