
യു.പി: ഉത്തർപ്രദേശിൽ കൗശാംബിയിലെ ബിർനർ ഗ്രാമത്തില്‍ ക്രിസ്മസ് ആഘോഷം വിലക്കാൻ 144-ാം വകുപ്പ് പ്രകാരമുള്ള നിരോധനം. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പുറപ്പെടുവിച്ച 144-ാം വകുപ്പു പ്രകാരമുള്ള നിരോധനം നിലവിലുണ്ടെന്നും അതിനാൽ ക്രിസ്മസ് ആഘോഷം പാടില്ലെന്നുമാണ് പോലീസ് നിലപാട്. ഇതിനെതിരേ 35 ക്രൈസ്തവർ അലാഹാബാദ് ഹൈക്കോടതിയെ സമീപിച്ചു.

ചീഫ് ജസ്റ്റീസ് ഡി.ഡി. ദോസലെയും ജസ്റ്റീസ് എം.കെ. ഗുപ്തയും ഉൾപ്പെട്ട ബെഞ്ച് പോലീസ് നടപടി തെറ്റാണെന്നു വിധിച്ചു. 144-ാം വകുപ്പ് തെരഞ്ഞെടുപ്പു ദിവസങ്ങളിലേക്കായിരുന്നെന്നും ഇനി അതിനു പ്രാബല്യമില്ലെന്നും കോടതി പറഞ്ഞു. ഏതുമതക്കാർക്കും സമാധാനപരമായി ആഘോഷങ്ങൾ നടത്താൻ അവകാശമുണ്ടെന്നും അധികൃതർ അതു നിഷേധിക്കരുതെന്നും വ്യക്തമാക്കിയാണു കോടതി ഉത്തരവ്.
