ഉത്തര്‍പ്രദേശിനു പിന്നാലെ രാജസ്ഥാനിലും 86 ശിശുമരണം; ഡോക്ടറുടെ അനാസ്ഥയില്‍ 37 കുട്ടികള്‍മരിച്ചുവെന്ന് റിപോര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing ഉത്തര്‍പ്രദേശിനു പിന്നാലെ രാജസ്ഥാനിലും 86 ശിശുമരണം; ഡോക്ടറുടെ അനാസ്ഥയില്‍ 37 കുട്ടികള്‍മരിച്ചുവെന്ന് റിപോര്‍ട്ട്

ജയ്പുര്‍: ഉത്തര്‍പ്രദേശിനു പിന്നാലെ രാജസ്ഥാനിലും ശിശുമരണം. രാജസ്ഥാനിലെ ബന്‍സവാഡയില്‍ പോഷകാഹാരക്കുറവിനെ തുടര്‍ന്ന് 86 കുട്ടികള്‍ മരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് കുട്ടികള്‍ മരിച്ചത്. ബന്‍സവാഡയിലെ മഹാത്മാഗാന്ധി ചികിത്സാലയത്തിലാണ് സംഭവം. ഡോക്ടര്‍മാരുടെ അനാസ്ഥമൂലമാണ് 37 കുട്ടികള്‍ മരിച്ചതെന്നാണ് സൂചന. നാല് ആഴ്ചയില്‍ താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചതില്‍ ഭൂരിപക്ഷവും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ച 37 കുട്ടികളും ശ്വാസം മുട്ടല്‍ കാരണമാണ് മരിച്ചതെന്നാണ് ആശുപത്രി രേഖകളിലുള്ളത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണെങ്കില്‍ അവര്‍ക്കെതിരേ അന്വേഷണം നടത്തുമെന്ന് ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ബി.എല്‍ തബിയാര്‍ അറിയിച്ചു. ജനനസമയത്ത് ഓക്‌സിജന്‍ ശരിയായവിധത്തില്‍ നല്‍കാത്തതാണ് മരണം വര്‍ധിക്കാന്‍ കാരണമായത്.ഓഗസ്റ്റ് 27 അര്‍ദ്ധരാത്രി വരെ കുട്ടികളുടെ വിഭാഗത്തില്‍ 342 പേര്‍ ചികിത്സയിലുണ്ടായിരുന്നുവെന്നും അവരില്‍ 17 പേര്‍ മരിച്ചതായും ആശുപത്രി വ്യക്തമാക്കി. ഓഗസ്റ്റ് 28ന് അര്‍ദ്ധരാത്രി വരെ ചികിത്സയിലുണ്ടായിരുന്ന 344 പേരില്‍ 25 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 29ന് എത്രപേര്‍ മരിച്ചുവെന്ന കണക്ക് ഇതുവരെ വ്യക്തമായിട്ടില്ല.പോഷകാഹാര കുറവ് കാരണം 18 കുട്ടികള്‍ക്ക് ജനന സമയത്തുതന്നെ ഭാരക്കുറവ് ഉണ്ടായിരുന്നു. കുട്ടികളുടെ മരണ വാര്‍ത്തയെ തുടര്‍ന്ന് ആരോഗ്യമന്ത്രി കാലിചരണ്‍ സറഫ് മൂന്നു ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയരക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. 2015ലെ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സര്‍വേ അനുസരിച്ച് രാജസ്ഥാനില്‍ ജനിച്ച് ആയിരം കുട്ടികളില്‍ 30 പേരാണ് പോഷകാഹാരക്കുറവ് കാരണം മരണപ്പെട്ടത്. ഡോക്ടര്‍മാരുടെ കുറവ് ഏറ്റവും കൂടുതലുള്ള ജില്ലയാണിത്. 72 ഡോക്ടര്‍വേണ്ടിടത്ത് 32 പേരാണുള്ളത്. ജൂലൈയില്‍ ജില്ലാ കലക്ടര്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് അമ്മമാര്‍ക്കും കുട്ടികള്‍ക്കും ബോധവത്കരണത്തിനായി പുക്കാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇത് മൂലം ശോചനീയമായ സാഹചര്യങ്ങളില്‍ കഴിയുന്ന അമ്മമാരെ മാറ്റിസ്ഥാപിക്കാന്‍ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഡോ. ബി.എല്‍ തബിയാര്‍ പറയുന്നു.

0Shares