ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴ ശക്തമാകുന്നു. മഴക്കെടുതികളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം പതിനൊന്ന് ആയി. കശ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മഴ കൂടുതല്‍ നാശം വിതയ്ക്കുന്നത്. പഞ്ചാബില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ വ്യാപകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ്. പഞ്ചാബില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. വ്യാപക കൃഷിനാശമാണ് സംസ്ഥാനത്തുണ്ടായത്. ഹരിയാനയില്‍ കാറ്റില്‍ വീട് തകര്‍ന്ന് വീണ് മധ്യവസ്‌കന്‍ മരിച്ചു. കശ്മീരില്‍ കനത്ത മണ്ണിടിച്ചിലില്‍ 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു. ഇവിടെ കുടുങ്ങിക്കിടന്ന 29 പേരെ രക്ഷാപ്രവര്‍ത്തകരെത്ത പുറത്തെത്തിച്ചു. ഹിമാചലില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ അഞ്ച് പേര്‍ മരിച്ചു.
സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കുളു ജില്ലയില്‍ കുടുങ്ങിക്കിടന്ന 21 പേരെ പുറത്തെത്തിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു, റോഡുകള്‍ ഒലിച്ചുപോയി. നിരവധിയാളുകള്‍ ഇനിയും കുടിങ്ങിക്കിടക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഉത്താരഖണ്ഡില്‍ റോഡുകള്‍ തകര്‍ന്നതോടെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. ദില്ലിയിലും മഴ ശക്തമായതോടെ ഗതാഗത സംവിധാനം താറുമാറായി. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, മേഘാലയ, ആസ്സാം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉത്തരേന്ത്യയില്‍ മഴ ശക്തമാകുന്നു; പതിനൊന്ന് മരണം