കൊച്ചി: കെ.എസ്.ആര്.ടി.സി ജനങ്ങളെയും കോടതിയേയും വിഡ്ഡികളാക്കുന്നുവെന്ന് ഹൈക്കോടതി. എം പാനല്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ എന്ത് അവകാശമാണ് ഉള്ളത്. പി.എസ്.സി പരീക്ഷ എഴുതി പാസായവരോടുള്ള വെല്ലുവിളിയാണെന്നും കോടതി പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍ ഉടന്‍ നടപ്പാക്കണം. ഒരു താല്‍ക്കാലിക ജീവനക്കാരന് പോലും ജോലിയില്‍ ഇല്ലെന്ന് ഉറപ്പാക്കണം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം, എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ നടപടി തുടങ്ങിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒരു താല്‍ക്കാലികജീവനക്കാരന്‍ പോലും നിരാശപ്പെടേണ്ടി വരില്ലെന്നും എം.ഡി ടോമിന് തച്ചങ്കരി പറഞ്ഞു. എന്നാല്‍ കെ.എസ്.ആര്.ടി.സിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. 8000 സ്ഥിരം ജീവനക്കാര്‍ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ശശീന്ദ്രന് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കിയ സത്യവാങ്മൂലം നാളെ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്കി. അതേസമയം എം പാനല്‍ ജീവനക്കാരുടെ ഹര്‍ജി കേള്‍ക്കാന്‍ കോടതി തയാറായില്ല.
ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി