
ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങി ആത്മഹത്യ ചെയ്തവരുടേതെന്ന് അവകാശപ്പെട്ട തലയോട്ടികള്‍ കഴുത്തിലിട്ട് നടത്തിയ സമരവും വേണ്ടത്ര ഫലം കാണാതെ വന്നപ്പോള്‍, വരള്‍ച്ചാ ദുരിതാശ്വാസം കാവേരി നദീജലപ്രശ്നം തുടങ്ങിയ ആവശ്യങ്ങളുമായി ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ സമരം ചെയ്യുന്ന തമിഴ്നാട് കര്‍ഷകര്‍ കൂടുതല്‍ കടുത്ത പ്രതിഷേധ മാര്‍ഗങ്ങള്‍ സമരത്തില്‍ അവലംബിക്കുന്നു. മനുഷ്യവിസര്‍ജ്ജ്യം കഴിച്ചുള്ള സമരരീതിയാണ് ഇത്തവണ അവര്‍ സ്വീകരിച്ചത്. എല്ലാവരും അവരവരുടെ വിസര്‍ജ്ജ്യം പ്ലാസ്റ്റിക് കവറുകളില്‍ ശേഖരിച്ച ശേഷമാണ് സമരത്തിനെത്തിയത്.

‘പുനപ്പരിശോധിച്ച വരള്‍ച്ച ദുരിതാശ്വാസ പാക്കേജുകള്‍ അനുവദിക്കുക, കടങ്ങള്‍ എഴുതിത്തള്ളുക, കാലാവസ്ഥ വ്യതിയാനം മൂലം നശിച്ച കൃഷിക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കാതെ സ്വന്തം വിസര്‍ജ്ജ്യം കഴിക്കേണ്ടുന്ന ദുരവസ്ഥയിലേക്ക് തങ്ങളെ തള്ളിവിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍’ എന്ന് അയ്യക്കണ്ണ് കുറ്റപ്പെടുത്തുന്നു.
ഇതുവരെ നടത്തിവന്ന സമരരീതികളില്‍ ഫലം കാണാതെ വന്നപ്പോഴാണ് കേട്ടാല്‍ അറക്കുന്ന സമരത്തിലേക്ക് കടക്കേണ്ടി വന്നതെന്ന് കര്‍ഷക നേതാക്കള്‍ പറയുന്നു. ഇനിയും സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ അടുത്ത തവണ മനുഷ്യമാസം കഴിച്ച് പ്രതിഷേധിക്കുമെന്നും അവര്‍ അറിയിച്ചു. നേതാവ് അയ്യക്കണ്ണ് ഉള്‍പ്പെടെ 10പേരാണ് തങ്ങളുടെ പ്രശ്നങ്ങളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ വിചിത്രമായ സമരപരിപാടികളുമായി മുന്നോട്ടു പോവുന്നത്.
