കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ പല സര്‍ക്കാര്‍ സ്‌കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് ഇപ്പോള്‍. കാരണമെന്തന്നറിയേണ്ടെ? സ്‌കൂളില്‍ ചേരാന്‍ കുട്ടികളില്ലാത്തതാണ് പ്രധാന കാരണം. ഈ വെല്ലുവിളി നേരിടാന്‍ പുതിയൊരു മാര്‍ഗം തേടിയിരിക്കുകയാണ് കോയമ്പത്തൂരിലെ ഒരു സ്‌കൂള്‍. ഈ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ 5000 രൂപയുടെ സ്വര്‍ണ്ണനാണയവും രണ്ട് ജോഡി യൂണിഫോമും സൗജന്യമായി ലഭിക്കും. കോയമ്പത്തൂരിലെ അണ്ണൂരിനടുത്ത് കോണര്‍പാളയത്തിലെ ഒരു പ്രൈമറി സ്‌കൂളിലാണ് കുട്ടികളെ കിട്ടാന്‍ ഈ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. ആദ്യം ചേര്‍ക്കുന്ന പത്തു കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം കിട്ടുക. സംഭവം അറിഞ്ഞ് മൂന്ന് കുട്ടികള്‍ ചേരാനെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് കുട്ടികള്‍ കൂടി ചേരുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് ചന്ദ്രകുമാര്‍ പറയുന്നു.
1996 ല്‍ തുടങ്ങിയ 165 കുട്ടികളുണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ കുട്ടികള്‍ തീരെയില്ല. നിലവില്‍ ആറു കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്. പത്തില്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകളില്‍ നിന്നും കുട്ടികളെയും അദ്ധ്യാപകരെയും അടുത്ത സ്‌കൂളുകളിലേക്ക് പറഞ്ഞുവിട്ട ശേഷം അടച്ചു പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. അതുകൊണ്ട് തന്നെ പത്തു കുട്ടികളെ എങ്ങിനെയെങ്കിലും ആകര്‍ഷിക്കാനാണ് സ്‌കൂള്‍ ഈ പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. സ്‌കൂള്‍ നില നിര്‍ത്തുന്നതിനായി സ്ഥലത്തെ ഒരു ബിസിനസ് പ്രമുഖനാണ് 5000 വില വരുന്ന സ്വര്‍ണ്ണനാണയം വാഗ്ദാനം ചെയ്തത്. കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചപ്പോള്‍ അവരും സമ്മതിക്കുകയായിരുന്നു. കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്നവരാണ് ഈ ഗ്രാമത്തിലുണ്ടായിരുന്നവര്‍. കൃഷി നഷ്ടമായതോടെ ഗ്രാമീണര്‍ മറ്റ് ഗ്രാമങ്ങളിലേക്ക് പോകാന്‍ തുടങ്ങി. ഇതോടെ സ്‌കൂളിലും കുട്ടികളില്ലാതായി. ഗ്രാമത്തില്‍ ഇപ്പോള്‍ 65 കുടുംബങ്ങള്‍ മാത്രമാണുള്ളത്.
ഈ സ്‌കൂളില്‍ നിങ്ങളുടെ കുട്ടികളെ ചേര്‍ക്കുന്നുവോ? എങ്കില്‍ നിങ്ങളുടെ കുട്ടിക്ക് സൗജന്യമായി ലഭിക്കുന്നത് 5000 രൂപയുടെ സ്വര്‍ണനാണയവും രണ്ട് ജോഡി യൂണിഫോമും