കൊച്ചി: ലൗകിക സുഖങ്ങള്‍ ത്യജിച്ച് ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും ജീവിതം നയിക്കുന്ന പുരോഹിതന്‍മാരെ കുറിച്ചാണ് അധികമാളുകള്‍ക്കും പറയാനുണ്ടാവുക. എന്നാല്‍ ഇവിടെ വേറിട്ട വൈദികനെ കുറിച്ചാണ് പറയുന്നത്. നൃത്തം ചെയ്യുന്ന വൈദികന്‍. നൃത്തമാണെന്ന് പറയാനാവില്ല. അടിപൊളി ബ്രേക്ക് ഡാന്‍സാണ്. ആദ്യം പതിയെ തുടങ്ങിയ അച്ചന്‍ പിന്നീട് കലക്കുന്ന ഡാന്‍സ് ചുവടുകളാണ് കാഴ്ചവെക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ വൈദികന്റെ ഡാന്‍സ്.

വീഡിയോയില്‍ വൈദികന്റെ പിന്നിലായി കാണുന്ന സ്റ്റേജില്‍ വി വില്‍ മിസ് യു എന്ന് എഴുതിയിട്ടുണ്ട്. അതിനാല്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെയോ ഈ വൈദികന്റെതന്നെയോ യാത്രയയപ്പ് പരിപാടിയാണിതെന്നാണ് സൂചന. ആദ്യം പതിയെ മറ്റൊരാള്‍ക്കൊപ്പം ചുവടുകള്‍ വച്ചുതുടങ്ങുന്ന വൈദികന്‍ അസ്സല്‍ നര്‍ത്തകനെ പോലെയാണ് പിന്നീടുള്ള പ്രകടനം കാഴ്ചവെച്ചത്. കൂടെ നൃത്തം ചെയ്യുന്ന ആളുപോലും തെല്ലൊന്ന് പതറിപ്പോയി. വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളില്‍ മിക്കയാളുകളും വൈദികനെ പിന്തുണയ്ക്കുന്നു. ചിലര്‍ അഭിനന്ദിക്കാനും മറന്നില്ല. ഉള്ളിലുള്ള കഴിവ് പരസ്യമായി പ്രകടിപ്പിച്ച വൈദികനെ പുകഴ്ത്തി ചിലര്‍ വാചാലരാവുന്നുണ്ട്. പിള്ളേരുടെ കൂടെ തുള്ളുന്ന അച്ചന്‍ കൊള്ളാം, പക്ഷേ ഉടുപ്പ് ഊരിവച്ചിട്ടാവാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഈ അച്ചനെ കാണുമ്പോള്‍ ചില വികാരിമാരെ കിണറ്റിലിടാന്‍ തോന്നുന്നുവെന്നും കമന്റുകളുണ്ട്.