ഇ. അഹമ്മദ് ഇന്ത്യയുടെ അഭിമാന പുത്രന്‍.

  • Post category:news
  • Reading time:2 mins read
You are currently viewing ഇ. അഹമ്മദ് ഇന്ത്യയുടെ അഭിമാന പുത്രന്‍.

കണ്ണൂര്‍: ലോക്‌സഭാംഗവും മുസ്ലീംലീഗ് ദേശീയാധ്യക്ഷനുമായ ഇ.അഹമ്മദിന്റെ അപ്രതീക്ഷിതമായ വിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായത് മികച്ച പാര്‍ലമെന്റേറിയനും ഭരണതന്ത്രഞ്ജനും തലയെടുപ്പുള്ള രാഷ്ട്രീയ നേതാവുമാണ്. ഉത്തര കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നെറുകയിലേക്ക് നടന്നെത്തിയ സമുന്നതനായ ആ രാഷ്ട്രീയ നേതാവ് കക്ഷി രാഷ്ട്രീയ ഭേദമെന്യെ പൊതു സമൂഹത്തിന്റെ സ്‌നേഹാദരങ്ങള്‍ ആര്‍ജിച്ചിരുന്നു. 1938ഏപ്രില്‍ 29ന് ഒ.അബ്ദുള്‍ഖാദര്‍ ഹാജിയുടെയും നഫീസ ബീവിയുടെയും മകനായി കണ്ണൂരിലാണ് അഹമ്മദ് ജനിച്ചത്. കേരള മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം പില്‍ക്കാലത്ത് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിയമബിരുദം നേടിയ ശേഷം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി. പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ വി.ഖാലിദിന്റെ ജൂനിയറായിട്ടാണ് അദ്ദേഹം പ്രാക്ടീസ് ആരംഭിച്ചത്. എക്കാലവും വിജയത്തിന്റെ ഗാഥകള്‍ മാത്രം സ്വന്തമായുള്ള അദ്ദേഹം 1991ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ 2014ലെ തെരഞ്ഞെടുപ്പ് വരെ മത്സരിച്ച് വിജയിച്ച ചരിത്രമാണുള്ളത്.

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗം, കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, എന്നീ നിലകളിലും അഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെന്നപോലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും അഭിരുചി പുലര്‍ത്തിയിട്ടുള്ള അദ്ദേഹം ഉന്നതമായ മാനവിക ബോധത്തിന്റെയും ദര്‍ശനങ്ങളുടെയും ഉടമ കൂടിയായിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡംഗം തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃനിരയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിരുന്നു. 1967ലാണ് അഹമ്മദ് ആദ്യമായി നിയമസഭയിലെത്തുന്നത്. ആ വര്‍ഷം കണ്ണൂരില്‍ നിന്നും മത്സരിച്ച് വിജയിച്ച അദ്ദേഹം പിന്നീട് 1977ല്‍ കൊടുവള്ളിയില്‍ നിന്നും 1980, 1982, 1987 വര്‍ഷങ്ങളില്‍ താനൂരില്‍ നിന്നും വിജയിച്ചു.

1982മുതല്‍ 87 വരെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന അഹമ്മദ് 1987 മുതല്‍ 91 വരെ നിയമസഭാ അഷ്വറന്‍സ് കമ്മിറ്റി അധ്യക്ഷനായും പ്രവര്‍ത്തിച്ചു. 2004 മെയ് 23 മുതല്‍ 2014 വരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. വിദേശകാര്യത്തിനു പുറമേ റെയില്‍വേ, മാനവശേഷി വികസനം എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തു. ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോര്‍ഡിന് ഉടമയാണ് അഹമ്മദ്. പാര്‍ലമെന്റിന്റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയതന്ത്രസംഘങ്ങളിലും പ്രധാനസ്ഥാനം വഹിച്ചിട്ടുണ്ട്. 1991 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാറില്‍ വിവിധകാലങ്ങളില്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിലും മറ്റു മേഖലകളിലും ഇന്ത്യയെ പലതവണ പ്രതിനിധീകരിച്ചു.

വിദേശകാര്യ സഹമന്ത്രിയായിരുന്ന വേളകളിലെല്ലാം നയതന്ത്ര വിഷയങ്ങളില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ബഹുമുഖമായ കര്‍മ്മ മണ്ഡലങ്ങളില്‍ മായാത്ത പാദമുദ്ര പതിപ്പിച്ച ആ സമുന്നത നേതാവ് കേരളത്തിനും ഇന്ത്യക്കും വിലപ്പെട്ട സംഭാവനകളാണ് അര്‍പ്പിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ സുപ്രധാന പങ്കുവഹിച്ച നേതാവായിരുന്നു അഹമ്മദ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിനിധിയായി നടത്തിയ ഗള്‍ഫ് സന്ദര്‍ശനം മുതല്‍ ഗള്‍ഫ് ഭരണാധികാരികളുമായി ഏറെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു അദ്ദേഹം.

2004ല്‍ ഇറാഖില്‍ ഇന്ത്യക്കാരെ ബന്ദിയാക്കിയപ്പോള്‍ ഇടപെടുകയും ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത തൊഴില്‍നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളുണ്ടായപ്പോള്‍ അയവുണ്ടാക്കാന്‍ പരിശ്രമിക്കുകയും ചെയ്തത് നയതന്ത്ര മേഖലയിലെ അഹമ്മദിന്റെ പ്രാവീണ്യത്തിന്റെ തെളിവാണ്. സൗദി ഭരണകൂടത്തിന്റെ അതിഥികളായി ഇന്ത്യയില്‍നിന്നു പോകുന്ന ഹജ്ജ് സൗഹൃദസംഘത്തിലെ അംഗവുമായിരുന്നു അദ്ദേഹം. ധന്യവും സഫലവുമായ ആ ജീവിതത്തിനാണ് ഓര്‍ക്കാപ്പുറത്ത് തിരശ്ശീല വീണത്. യുദ്ധക്കളത്തിലെ ഭടനെപ്പോലെ ജീവിതാന്ത്യം വരെ കര്‍മ്മ നിരതനായി നിലക്കൊണ്ട അഹമ്മദ് സാഹിബിന്റെ അന്ത്യവും കര്‍മ്മ ഭൂമിയില്‍ ആയിരുന്നുവെന്നുള്ളത് അദ്ദേഹത്തിന്റെ ജീവിത മഹത്വത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. വിശ്രമ രഹിതമായ ആ മഹദ് ജീവിതം സമൂഹത്തിനാകെ മാതൃകയായി വര്‍ത്തിക്കുന്നു. പരേതയായ സുഹറയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍: ഡോ. ഫൗസിയ ഷെര്‍ഷാദ്, അഹമ്മദ് റഈസ്, നസീര്‍ അഹമ്മദ് എന്നിവരാണ്.

0Shares