ന്യൂഡല്‍ഹി: മുസ്ലീംലീഗ് ദേശീയാധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എം.പി യുടെ മരണവുമായി ബന്ധപ്പെട്ട് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. അദ്ദേഹത്തെ കാണാന്‍ എത്തിയ മക്കളെ ആശുപത്രി അധികൃതര്‍ അതിന് അനുവദിക്കാതിരുന്നത് തര്‍ക്കത്തിനിടെയാക്കി. ഇ. അഹമ്മദിനോട് ആശുപത്രി അധികൃതര്‍ അനാദരവ് കാട്ടിയെന്നും തങ്ങളോട് നിരുത്തരവാദപരമായി പെരുമാറിയെന്നും കാണിച്ച് മക്കള്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി.

ഇന്നലെ പാര്‍ലമെന്റില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗം നടത്തുന്നതിനിടയില്‍ കുഴഞ്ഞു വീണ അഹമ്മദിനെ ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിച്ചില്ല. വിദേശത്തുള്ള മക്കള്‍ രാത്രിയോടെ ആശുപത്രിയിലെത്തിയപ്പോഴും കാണാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു.
ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി. അവര്‍ ആശുപത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഇവര്‍ക്കും സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ചതോടെ പ്രതിഷേധം ശക്തമായി.

അഹമ്മദിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും മടങ്ങിയത്. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിയായിട്ടും ഡോക്ടര്‍മാരെത്താത്തതിനെ തുടര്‍ന്ന് കേരള എംപിമാരും ബന്ധുക്കളും വീണ്ടും പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് മക്കളെ മാത്രം അത്യാഹിതവിഭാഗത്തില്‍ കയറാന്‍ അനുവദിച്ചു. അഹമ്മദിന്റെ മരുമകനും പ്രമുഖ നെഫ്രോളജിസ്റ്റുമായ ഡോ. ബാബു ഷെര്‍സാദ് മരണം സ്ഥിരീകരിച്ചു.
