ഇ അഹമ്മദിന്റെ മകളുടെ സ്ഥാനാര്‍ത്ഥിത്വം കുഞ്ഞാലിക്കുട്ടിയെ തടയിടാനോ…?

  • Post category:news
  • Reading time:1 min read
You are currently viewing ഇ അഹമ്മദിന്റെ മകളുടെ സ്ഥാനാര്‍ത്ഥിത്വം കുഞ്ഞാലിക്കുട്ടിയെ തടയിടാനോ…?

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്യപ്പെടുന്നു. അന്തരിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് എംപിയുടെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നതായും അതിന് ഏറ്റവും ഉചിതമായ സന്ദര്‍ഭം മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെയാണെന്നും മുസ്ലിം ലീഗിലെ ഒരു വിഭാഗം കരുതുന്നു. ഇക്കാര്യത്തില്‍ ഫൗസിയയ്ക്ക് ശക്തമായ പിന്തുണ നല്‍കിക്കൊണ്ട് അവര്‍ രംഗത്ത് വന്നിട്ടുണ്ട്. ലീഗിലെ ചില പ്രമുഖ നേതാക്കളും നിയമസഭാ സാമാജികന്മാരുമാണ് ഈ കരുനീക്കങ്ങളുടെ പിറകിലെന്ന് കേള്‍ക്കുന്നു.

പി.കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെയും അനുകൂലമായും മുസ്ലിം ലീഗില്‍ മുന്‍കാലം മുതല്‍ക്കേ ഇരുചേരികള്‍ നിലനില്‍ക്കുന്നുണ്ട്. ഡോ. ഫൗസിയയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി അണിയറ പ്രവര്‍ത്തനം നടത്തുന്നവര്‍ അതിന് ഉപോല്‍ബലകമായ കാര്യകാരണങ്ങളും ന്യായവാദങ്ങളും നിരത്തുന്നുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം കേരളത്തില്‍ അത്യന്താപേക്ഷിതമാണെന്നും യുഡിഎഫിന്റെ അമരക്കാരില്‍ ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഉണ്ടാവണമെന്നും ഉമ്മന്‍ചാണ്ടി മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ അഭ്യര്‍ത്ഥിച്ചതായി അറിയുന്നു. എന്തായാലും ശിഹാബ് തങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനത്തിന് അനുസരിച്ചായിരിക്കും മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. കുഞ്ഞാലിക്കുട്ടിക്ക് തടയിടാന്‍ ലഭിക്കുന്ന ഒരു സുവര്‍ണ്ണാവസരമാണ് ഇതെന്ന് ഡോ.ഫൗസിയയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വിഭാഗം വിശ്വസിക്കുന്നു. പ്രശസ്തനും പ്രഗത്ഭനുമായ പിതാവിന്റെ പാദമുദ്രകള്‍ പിന്തുടര്‍ന്ന് മഹത്തായ ആ പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ചുവട് ഉറപ്പിക്കാനാണ് ഡോ. ഫൗസിയയുടെ ആഗ്രഹം.

0Shares