
പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകളിലായി 21 വര്‍ഷം തടവ്. അടൂരില്‍ നിന്നും കാറില്‍ പെണ്‍സുഹൃത്തിനെയും കൂട്ടി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ വീയപുരം പണ്ടാരത്തില്‍ അഭിജിത്തിനെയും (വിശാഖ്) പെണ്‍സുഹൃത്ത് മാവേലിക്കര ചെറുകോല്‍ കണത്തില്‍ സൗമ്യ ഓമനക്കുട്ടനെയുമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ശിക്ഷിച്ചത്.

കേസിലെ ഒന്നാം പ്രതി അഭിജിത്തിന് പീഡനക്കേസില്‍ എട്ടുവര്‍ഷവും പതിനായിരം രൂപയും തട്ടിക്കൊണ്ടുപോയതിന് ആറുവര്‍ഷം തടവും അയ്യായിരം രൂപ പിഴയും, പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമപ്രകാരം ഏഴുവര്‍ഷം തടവും രണ്ടാം പ്രതി പെണ്‍സുഹൃത്തിന് തട്ടിക്കൊണ്ടു പോകുന്നതിനു കൂട്ടുനിന്നതിന് മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2009ലാണ് കേസിനാസ്പദമായ സംഭവം. കേസ് വിസ്താരത്തിൽ ഇര കൂറുമാറുകയുണ്ടായി എങ്കിലും പ്രതികൾ ശിക്ഷിക്കപ്പെടുകയായിരുന്നു.
