
മോദി സർക്കാരിനെതിരേ വീണ്ടും വിമർശനമെറിഞ്ഞുകൊണ്ട് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ നില വളരെയധികം ആശങ്കയുണ്ടാക്കുന്ന നിലയിലാണ്. ധനക്കമ്മിയും വർധിക്കുന്ന കടവുമെല്ലാം വലിയ പ്രശ്നമാണ്. യാതൊരു സാമ്പത്തിക വീക്ഷണവുമില്ലാതെ അധികാരം കേന്ദ്രീകരിക്കുകയാണ്. സർക്കാരിന് സുസ്ഥിരമായ സാമ്പത്തിക പരിപാടികളില്ല. കൈയടി നേടാനുള്ള ജനപ്രിയ നയങ്ങൾ ഇന്ത്യയെ ലാറ്റിനമേരിക്കൻ സാമ്പത്തിക പ്രതിസന്ധിയുടെ വഴിയിലെത്തിച്ചേക്കാമെന്നും രാജൻ ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനവും വളരെ മോശമായ രീതിയിൽ നടപ്പാക്കിയ ജിഎസ്ടിയുമാണു രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിനു കാരണമെന്നും രഘുറാം രാജൻ കുറ്റപ്പെടുത്തി. നേരത്തെയും നോട്ട്നിരോധനത്തിനെതിരേ രാജൻ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഭൂരിപക്ഷവാദം ഇന്ത്യയെ ഇരുട്ടിലേക്ക് നയിക്കുമെന്നും ആഭ്യന്തര സമന്വയം, സാമ്പത്തിക വളർച്ച എന്നിവയിലൂടെ മാത്രമേ രാജ്യസുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്നും രാജൻ പറഞ്ഞു. ഒക്ടോബർ ഒന്‍പതിന് യുഎസിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിൽ ഒ.പി. ജിൻഡാൽ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു രഘുറാം രാജൻ.
ഭൂരിപക്ഷവാദം ദേശീയ സുരക്ഷ മെച്ചപ്പെടുത്തില്ലെന്നു മാത്രമല്ല, ദുർബലപ്പെടുത്തുകയും ചെയ്യുന്നു. കാരണം അവർക്ക് അവരുടെ രീതിയിലുള്ള ദേശീയ ഏകീകരണമാണ് ആവശ്യം. ഇന്ത്യയിൽ ഇതിനർഥം ഹിന്ദുത്വത്തിന്റെ സാർവത്രിക അടിച്ചേൽപ്പിക്കൽ എന്നാണ്. ഭൂരിപക്ഷ ദേശീയതയുടെ അടിസ്ഥാനംതന്നെ വിഭജനമാണ്. ഇത് ഒരു വിഭാഗം പൗരന്മാരെയും ന്യൂനപക്ഷങ്ങളെയും “മറ്റുള്ളവർ’ എന്നു മുദ്രകുത്തുന്നതിലേക്കു നയിക്കുമെന്നും രാജൻ മുന്നറിയിപ്പ് നൽകി.
