
പ്രതിപക്ഷ പ്രതിഷേധത്തെ പരിഹസിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിലും വലിയ പ്രതിഷേധം കണ്ടിട്ടുണ്ടെന്നു ഗവർണർ പറഞ്ഞു. നയപ്രഖ്യാപനത്തിനുശേഷം നിയമസഭയിൽനിന്ന് മടങ്ങുമ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം.
നയപ്രഖ്യാപന പ്രസംഗത്തിന് സഭയിലേക്കെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തിൽ തടഞ്ഞിരുന്നു .നിയമസഭയെ അവഹേളിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്നും ഗവർണർ ഗോബാക്ക് എന്നും എഴുതിയ ബാനറുകളും പ്ലാകാർഡുകളും ഉയർത്തി ബഹളത്തോടെയാണ് ഗവർണറെ തടഞ്ഞത്.
സഭാ കവാടത്തിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണനും പൂചെണ്ട് നൽകി സ്വീകരിച്ചുസഭയിലേക്ക് വരുമ്പോഴാണ് പ്രതിപക്ഷം തടഞ്ഞത്. അഞ്ച്‌മിനിറ്റിലേറെ പ്രതിപക്ഷം ഗവർണറെ തടഞ്ഞുനിർത്തി. പിന്നീട് വാച്ച് ആൻറ് വാർഡ് പ്രതിപക്ഷാംഗങ്ങളെ മാറ്റി ഗവർണർക്ക് വഴിയൊരുക്കി.
