തിരുവനന്തപുരം: ശബരിമലയില്‍ പ്രാര്‍ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. താല്‍പ്പര്യമില്ലാത്തവര്‍ക്ക് അങ്ങോട്ട് പോകണ്ട. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സി.പി.എം ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സി.പി.എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സി.പി.എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണ്. പക്ഷേ കോടതി വിധിയെ സര്‍ക്കാരിന് എതിരെയുള്ള ആയുധമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. കോടതി വിധി നടപ്പാക്കുന്നത് തടയുന്നവരാണ് വിശ്വാസത്തെ ഹനിക്കുന്നത്. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും പ്രതിഷേധം ഭരണഘടന വിരുദ്ധവും സ്ത്രീ സ്വാതന്ത്ര്യത്തെ നിഷേധിക്കലുമാണ്.
കലക്കവെളളത്തില്‍ മീന്‍ പിടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ സംസ്ഥാന ബിജെപി കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ കൈ കോര്‍ക്കുകയാണ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കി താല്‍കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. സ്ത്രീയെ രണ്ടാംതരമാക്കുന്നതിന് അറുതി വരുത്തിയ വിധി വന്നപ്പോള്‍ അതിനുമുന്നില്‍ പതറുകയല്ല വിധി നടപ്പാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല സ്ത്രീ പ്രവേശനത്തെ ഒരു സംഘര്‍ഷ വിഷയമാക്കാനല്ല എല്ലാവരുമായും സഹകരിച്ച് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, ശബരിമലയില്‍ പുലരേണ്ടത് ശാന്തിയാണെന്നും കോടിയേരി വ്യക്തമാക്കി.
ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാം; പാര്‍ടി ഇടപെടില്ലെന്ന് കോടിയേരി