
ഉത്തര കൊറിയ എന്ന രാജ്യത്തിന്റെ യഥാര്‍ത്ഥമായ കാര്യങ്ങൾ ഇതുവരെ നമ്മള്‍ കേട്ടിരിക്കാന്‍ ഇടയില്ല. അമേരിക്കയും സഖ്യ രാജ്യങ്ങളും പുറത്തുവിടുന്ന ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളുടെ വാര്‍ത്തകളിലൂടെയാണ് നമ്മള്‍ ഈ രാജ്യത്തെ അറിഞ്ഞിട്ടുള്ളത്. ലോകത്ത് ക്യൂബയെ പോലെ അമേരിക്കൻ ശക്തിക്ക് അടിയറവ് പറയാത്ത മറ്റൊരു രാജ്യം ഉത്തര കൊറിയ ആണ്.എന്നത് തന്നെയാണ് അത്തരത്തില്‍ വാര്‍ത്തകള്‍ അവര്‍ പുറത്തുവിടുന്നതിനുള്ള കാരണവും. അത് കൊണ്ട് തന്നെ അമേരിക്ക ലോക രാജ്യങ്ങളുടെ മുന്നിൽ ഉത്തര കൊറിയക്ക് ഭീകര മുഖം സൃഷ്ടിച്ചു..മറ്റു രാജ്യങ്ങൾക് ഉത്തര കൊറിയ ഭീഷണി ആണ് എന്ന് അവർ വരുത്തി തീർത്തു. ലോകത്ത് മറ്റു രാജ്യങ്ങൾക്ക് എതിരെ ഉത്തര കൊറിയ യുദ്ധ പ്രഖ്യാപിച്ചിട്ടില്ല. അവർ അമേരിക്കയ്ക്ക് എതിരെ മാത്രമാണ് പടയൊരുക്കം നടത്തിയിട്ടുള്ളത്.
എങ്ങിനെയാണ് ഉത്തര കൊറിയ അമേരിയ്ക്ക്അനഭിമത ആകുന്നത് എന്നു കൂടി നോക്കാം. ഉത്തര കൊറിയ കമ്യൂണിസ്റ്റ് രാഷ്ട്രമാണ്. ഏക പാർട്ടി ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയെ പാശ്ചാത്യ രാജ്യങ്ങൾ സർവ്വാധിപത്യ രാജ്യമെന്ന് വിലയിരുത്തുന്നു. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം. തെക്ക് ദക്ഷിണ കൊറിയയും വടക്ക് ചൈനയുമാണ് ഉത്തര കൊറിയയുടെ അതിരുകൾ’ വടക്ക് കിഴക്ക് റഷ്യൻ ഫെഡറേഷനുമായി 18.3 കി.മി. നീളം മാത്രമുള്ള ചെറിയ അതിർത്തിയുമുണ്ട്.
ഉത്തര ചോസോൺ എന്നാണ് ഉത്തര കൊറിയാക്കാർ സ്വന്തം രാജ്യത്തെ വിളിക്കുന്നത്. 1945 വരെ കൊറിയ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. കൊറിയ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ സ്വാതന്ത്രം നേടുകയും രണ്ടാം ലോകമഹായുദ്ധാനന്തരം ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ദക്ഷിണ കൊറിയയെക്കൂടാതെ ചൈന, റഷ്യ ,ജപ്പാനുമായി സമുദ്രാതിർത്തിയും പങ്കിടുന്നു. ധാതു സമ്പത്തിൽ ഉത്തര കൊറിയ ഒരു കലവറ തന്നെയാണ്.ലോകത്ത് തന്നെ മാഗ്നസൈറ്റ് ലഭ്യതയിൽ രണ്ടാം സ്ഥാനം ആണ് ഉത്തര കൊറിയയ്ക്ക്.
സിങ്ക്,ടങ്സ്റ്റൻ, ഇരുമ്പ് എന്നിവയുടെ ലഭ്യത 6 ബില്യൻ ടണ് ആണ് ഉള്ളത് അവയുടെ ലഭ്യതയിലും ലോകത്തെ രണ്ടാമത്തെ രാജ്യം തന്നെയാണ് ഉത്തര കൊറിയ. സ്വർണ്ണ ലഭ്യതയിൽ 2000 മെട്രിക് ടണ്,ചെമ്പിൽ 2.1 ബില്യൻ മെട്രിക് ടണ് ആണ്,ഒരു വർഷം അവർ കുഴിച്ചെടുക്കുന്ന ഇരുമ്പ് എന്നത് 10 മില്യൻ ടണ് ആണ്. മാഗ്നസൈറ്റ് ഒരുവർഷം ഏകദേശം 6 ലക്ഷം ആണ് അവർ ഉല്പാദിപ്പിക്കുന്നത്. കൽക്കരി 4.5 മില്യൻ ടണ് ആണ് ഒരു വർഷം അവർ കുഴിച്ചു എടുക്കുന്നത്. ആർത്തി മൂത്തു നിൽക്കുന്ന അമേരിക്ക കണ്ടാൽ വിടുമോ.. അതിന് അവർ ആദ്യം കള്ളങ്ങൾ ലോകത്തിന് മുന്നിൽ എത്തിച്ചു, അതിന് വേണ്ടി കുറെ ആളുകളെ അവർ കണ്ടെത്തി. അവരിലൂടെ രാജ്യത്തെയും ഭരണധികരിയെയും അപകീർത്തി പെടുത്തി. പിന്നെ ഉത്തര കൊറിയയെ മാനസികമായി തകർത്ത് അക്രമിക്കുകയാണ് അവരുടെ ലക്ഷ്യം..എന്നിട്ട് അവിടെ ഉള്ള സ്വത്തുക്കൾ തട്ടിയെടുക്കുക. അതിനുള്ള തടസമായിരുന്നു കിം എന്ന ഉത്തരകൊറിയൻ ഭരണാധികാരി
ഉത്തര കൊറിയ ഇവിടെ വിദ്യാഭ്യാസം സൗജന്യമാണ് , ഉന്നത വിദ്യാഭ്യാസം വരെ ഫ്രീ.എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉണ്ട് .സാക്ഷരതാ നിരക്ക് 99 % ആശുപത്രിയിൽ ചികിത്സ സൗജന്യം ആണ് , ആധുനിക സംവിധാനങ്ങളോടു കൂടിയ ആശുപത്രികൾ,വായു മലിനീകരണം തീരെ ഇല്ലാത്ത ഒരു രാഷ്ട്രം , പ്രകൃതിയെ ഇവർ സംരക്ഷിക്കുന്നു ,സമ്പൂർണ്ണ വൈദ്യുതി ഉള്ള ഈ രാജ്യത്തു , ഇലക്ട്രിസിറ്റി ഉപയോഗം വളരെ കുറവ്. മതം ഇല്ല , മതത്തിന്റെ പേരിൽ കൊല തമ്മിലടി ഇല്ല. ക്രൈം റേറ്റ് ഏറ്റവും കുറഞ്ഞ രാജ്യം. ക്രിമിനലുകൾ ഇല്ല.ആത്മഹത്യ നിരക്ക് 0% ബലാൽസംഗം ഇല്ല.
ഇനി വിദേശ രാജ്യങ്ങൾക്കും മാധ്യമങ്ങൾക്കും കുരു പൊട്ടാൻ ഉള്ള കാരണം, ഒന്നാമതായി,കമ്മ്യൂണിസ്റ്റ് രാജ്യം എന്നതാണ്, ഉത്തര കൊറിയൻ സൈന്യം ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം ആണ് 4 സ്ഥാനം ആണ് ഉത്തര കൊറിയക്ക്,അമേരിക്ക പോലുള്ള രാജ്യങ്ങൾക്ക് അടിയറവ് പറയാൻ ഒരുക്കമല്ല,ആണവ ശക്തി ഉള്ള രാജ്യം. പ്രകൃതി കനിഞ്ഞു നൽകിയ വിഭവങ്ങൾ ധാരാളം.അടിച്ചാൽ ശക്തമായി തന്നെ തിരിച്ചടിക്കാൻ കെല്‍പ്പുള്ള രാജ്യം.അമേരിക്ക ഉൾപട ഉളള സാമ്രാജിത്വ രാഷ്ട്രങ്ങൾ ഉത്തര കൊറിയയെ ഭയപ്പെടുന്നു .അവർ അവരുടെ മീഡിയ ഉപയോഗിച്ചു ഉത്തര കൊറിയയ്ക്ക് എതിരെ നിരന്തം നുണ പ്രചാരങ്ങൾ നടത്തുന്നു.
കഴിഞ്ഞ ഒളിമ്പിക്സ് മത്സരങ്ങളില്‍ 2 സ്വര്‍ണ്ണം,3 വെള്ളി മെഡല്‍,2 വെങ്കല മെഡല്‍ ഇവ നേടിയ രാജ്യം. ഭീരുക്കള്‍ ചരിത്രം പഠിക്കാറില്ല അത് ധീരന്മാര്‍ക്കുള്ളതാണ്, പഠിക്കുവാനും തിരുത്തുവാനുമുള്ള ധീരന്മാര്‍ക്കു ലോകമാകെ പെയ്തിറങ്ങുന്ന അമേരിക്കന്‍ മാധ്യമ വ്യാജ വസ്തുതാ നിര്‍മ്മിതികള്‍ക്കിടയില്‍ അവശ്യം നമ്മള്‍ ഓര്‍ത്തിരിക്കേണ്ട ചരിത്ര വസ്തുതകള്‍.
അമേരിക്കയുടെ അട്ടിമറിപ്രവർത്തനങ്ങൾ നിന്നും നോർത്ത് കൊറിയ പാഠം പഠിച്ചു കഴിഞ്ഞു അതുകൊണ്ട് തന്നെ അവർ ആയുധം ഉപേക്ഷിക്കില്ല. ഇതാ വിഡ്ഢിയായ ഒരു രാഷ്ട്രത്തലവന്‍ ! കമ്മ്യൂണിസ്റ്റ് ഏകാധിപതിയും വൃത്തികെട്ട ഹെയർ സ്റ്റൈലും അക്രമകാരിയും വീഡ്ഢിയും ആയ, ആണവായുധം കൈയിലുള്ള രാഷ്ട്രത്തിന്റെ നേതാവായ കിമ്മിന്റെ പ്രവർത്തനഫലമായി ഈയാഴ്ച തന്നെ മൂന്നാം ലോക മഹായുദ്ധം തുടങ്ങുമോ? ഡൊണാൾഡ് ട്രംപിനും അമേരിക്കയ്ക്കും അത് തടയാനാകുമോ? ഇതൊക്കെയാണ് ഇന്ന് ലോക മാധ്യമങ്ങള്‍ പെരുമഴയായി പെയ്യിക്കുന്ന ‘വാര്‍ത്താ ആകുലതകള്‍ ‘ ശരിക്കും ലോകം ആശങ്കപ്പെടും, ‘ഈ വിഡ്ഢിയായ കമ്മ്യൂണിസ്റ്റ് ഏകാധിപതി മൂന്നാം ലോകമഹായുദ്ധം വരുത്തിവച്ചേ അടങ്ങൂ !’ അതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇന്ന് ലോകം എങ്ങനെ ചിന്തിക്കണം എന്ന് തീരുമാനിക്കുന്നത് ലോകത്ത് ഏറ്റവുമധികം അക്രമങ്ങള്‍ ചെയ്ത അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത രാഷ്ട്രം ആകുമ്പോള്‍ പ്രത്യേകിച്ചും.
പാശ്ചാത്യ മാധ്യമങ്ങൾ വടക്കൻ കൊറിയയേയും അതിന്റെ നേതാക്കളെയും എപ്പോഴും വിഡ്ഢി ആയാണ് ചിത്രീകരിക്കാറ്, പക്ഷേ അവർ യുക്തിപരമായാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ നിങ്ങൾ വടക്കൻ കൊറിയയുടെ ആരാധകൻ ആകേണ്ട കാര്യമില്ല, കാരണം സമീപകാല ചരിത്രം പരിശോധിച്ചാൽ മാത്രം മതിയാകും. നിങ്ങൾക്ക് അമേരിക്കയുടെയും അതിന്റെ സഖ്യകക്ഷികളുടെയും ആക്രമണത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ നിങ്ങൾ സമാധാനം പ്രസംഗിക്കുകയോ, നിരായുധീകരിക്കുകയോ അല്ല വേണ്ടത്, നേരെ വിപരീതമായി പ്രവർത്തിക്കുകയാണ് വേണ്ടത്.
യുഗോസ്ലാവിയക്ക്, ഇറാക്കിന്, ലിബിയയ്ക്ക് എന്ത് സംഭവിച്ചു എന്ന് ചിന്തിക്കുക. DPRK (Democratic People’s Republic of Korea) യെ പോലെ തന്നെ ഈ മൂന്ന് രാജ്യങ്ങളും അമേരിക്കയുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നവയാണ് . ഈ മൂന്ന് രാജ്യങ്ങളും തകർക്കപ്പെടുകയും അവയുടെ നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തു. നിങ്ങളാരെങ്കിലും വിശ്വസിക്കുന്നുണ്ടോ ആ രാജ്യങ്ങളുടെ കൈയിൽ ആണവായുധങ്ങളോ അവ അമേരിക്കയിൽ എത്തിക്കാനുള്ള റോക്കറ്റുകളോ ഉണ്ടായിരുന്നതായി ? തീർച്ചയായും ഇല്ല. മേൽപ്പറഞ്ഞ ഏറ്റുമുട്ടലുകളെ വിശദമായി പരിശോധിക്കുന്നതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്, തിരിച്ചടിക്കുള്ള സാധ്യത ഏറ്റവും കുറവായിരിക്കുമ്പോഴോ അത് ഇല്ലാതിരിക്കുമ്പോഴോ ആണ് യു.എസ് എപ്പോഴും ആക്രമണം നടത്തിയിട്ടുള്ളത്.
എപ്പോഴൊക്കെ അപകട സാധ്യത കൂടുതലാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടോ അപ്പോഴെല്ലാം അവർ ആക്രമണത്തിൽ നിന്ന് പിന്തിരിഞ്ഞു സമാധാനെത്ത കുറിച്ചും നയതന്ത്രത്തെ കുറിച്ചും സംസാരിച്ചു തുടങ്ങും. ഈ ഭൂലോക റൗഡി പെരുമാറുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ നമ്മൾ അക്കാഡമിക് പുസ്തകങ്ങളൊന്നും വായിക്കേണ്ട കാര്യമില്ല, സ്കൂൾ ഗ്രൗണ്ടിൽ എന്ത് സംഭവിക്കുന്നു എന്ന് ചിന്തിച്ചാൽ മാത്രം മതി.
1999 ൽ യൂഗോസ്ലാവിയൻ പ്രസിഡന്റായിരുന്ന സ്ലോബോദാൻ മിലേ സോവിച്ചിന്റെ കൈയിൽ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ഇല്ലായിരുന്നു, ശക്തരായ ആവശ്യ ഘട്ടത്തിൽ കൂടെ നിൽക്കുന്ന സഖ്യകക്ഷികളും ഇല്ലായിരുന്നു. റഷ്യൻ സൈന്യം അവരുടെ പഴയ സ്ലാവിക് സഖ്യകക്ഷിയെ സഹായിക്കാൻ തയ്യാറായി നിൽപ്പുണ്ടായിരുന്നു , പക്ഷേ യെത്സിനും റഷ്യൻ ഭരണവർഗവും ഐഎംഎഫിന്റെ കയ്യിൽ നിന്നുള്ള ലോൺ വാങ്ങി ഈ പ്രശ്നത്തിൽ നിന്നും മാറി നിന്നു. യു. എസ് ബോംബാക്രമണം തുടങ്ങി ഒരാഴ്ചയ്ക്കുശേഷം റഷ്യയ്ക്ക് ഉദാര വ്യവസ്ഥയിൽ ഒരു ഐ. എം. എഫ് ലോൺ അനുവദിപ്പിക്കപ്പെട്ടു.
യു എസ്, ഈ ഓപ്പറേഷൻ വളരെ കുറച്ചു ദിവസങ്ങൾക്കകം തീർക്കാം എന്നാണ് കരുതിയത്. മിലേ സോവിച്ച് പെട്ടന്ന് തന്നെ കീഴടങ്ങുമെന്നും ധാതു സമ്പന്നമായ കൊസോവോയിൽ അധിനിവേശം നടത്താമെന്നും അമേരിക്ക കരുതി, പക്ഷേ സെർബുകൾ നല്ല ചെറുത്തു നിൽപ് തന്നെ നടത്തി, വ്യോമാക്രമണം തുടർന്നുകൊണ്ടേയിരുന്നു ഇത് NATO യിൽ തന്നെ വിള്ളലുകൾ വീഴ്ത്തി. യു. എസ്സും ബ്രിട്ടനും ഒഴിച്ചുള്ള രാജ്യങ്ങൾ ബെൽഗ്രേഡ് മായ ചർച്ച നടത്തുന്നതിന് വേണ്ടി വാദിച്ചു. 1999 ഏപ്രിൽ 15 ന് ദ ഗാർഡിയൻ ഇങ്ങനെ റിപ്പോർട്ട് ചെയ്തു. “ജർമനി മുന്നോട്ട് വച്ച 24 മണിക്കൂർ ബോംബിങ്ങ് നിർത്തിവയ്ക്കുന്നതും UN സമാധാന സേന ഉൾപ്പെടുന്നതുമായ ഒരു സമാധാനം പദ്ധതി അമേരിക്കൻ ഉദ്യോഗസ്ഥർ നിരസിച്ചു. “
നാറ്റോയുടെ ക്രൂരതകൾ, സെർബിയൻ സ്റ്റേറ്റ് ടെലിവിഷനിൽ ബോംബിട്ട് 16 സിവിലിയന്മാരെ കൊന്നതും പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കൊസോവൻ അൽബേനിയൻ ആൾക്കാരെ ബോംബിട്ടു കൊന്നതും, വളരെ വ്യക്തമായ യുദ്ധകുറ്റകൃത്യങ്ങൾ, ഈ നാറ്റോ ഓപ്പറേഷന് എതിരായി ജനവികാരം ഉയർത്താൻ കാരണമായി. അമേരിക്ക വീണ്ടും ഭീഷണികൾ ഉയർത്താൻ തുടങ്ങി. മിലസോവിച്ചിനെതിരെ സമ്മർദ്ദം കൂട്ടാൻവേണ്ടി അദ്ദേഹത്തെ ഒരു യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചു. കൂടാതെ കരയാക്രമണത്തിന് പദ്ധതിയിടുന്നതായുള്ള സൂചനകൾ നൽകി തുടങ്ങി.
1999 മേയ് 18-ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപിച്ചു അദ്ദേഹം എല്ലാ വിധത്തിലുള്ള മാർഗ്ഗങ്ങളും ഉപയോഗിക്കാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല എന്ന്. ഉടൻതന്നെ റഷ്യന്‍ പ്രസിഡന്റ് യെൽസിന്റെ ഒരു ദൂതൻ ബെൽഗ്രേഡ് ലേക്ക് പറന്നു, അദ്ദേഹത്തിന്റെ പേര് വിക്ടർ ചെർനോമിർഡിൻ, അദ്ദേഹം സഖ്യകക്ഷികളുടെ നിബന്ധനകൾ അംഗീകരിക്കാൻ മിലേസോവിച്ചിനെ നിർബന്ധിച്ചു അല്ലെങ്കിൽ യുദ്ധം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു.
യഥാര്‍ത്ഥത്തിൽ ഇതൊരു വലിയ നുണയായിരുന്നു. നാറ്റോയുടെ സുപ്രീം കമാൻഡർ ആയിരുന്ന വെസ്ലി ക്ലർക്ക് അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിരിക്കുന്നത് എന്തെന്നാൽ, നാറ്റോയുടെ ഉന്നത രാഷ്ട്രീയ നേതാക്കൾ ഒരു അഭിപ്രായ സമന്വയത്തിൽ എത്തിയിട്ടില്ലായിരുന്നു എന്നാണ്. അദ്ദേഹം പറയുന്നത് അവർക്ക് വ്യോമാക്രമണത്തിന്റെ കാര്യത്തിലും കൂടുതൽ ഒന്നും ചെയ്യാനില്ലായിരുന്നു എന്നാണ്. അമേരിക്കയുടെ നുണ വിശ്വസിച്ച് യെത്സിന്റെ ദൂതനോട് ‘ഇല്ല’ എന്ന് പറയാതിരുന്നത് ഓർത്ത്, ഏഴുവർഷത്തിന് ശേഷം ചികിത്സ നിഷേധിക്കപ്പെട്ട്, ഹൃദ്യോഗിയായി, സെല്ലിൽ കടന്നപ്പോൾ അദ്ദേഹം വിഷമിച്ചിട്ടുണ്ടാകും.
സദ്ദാം ഹുസൈനും അദ്ദേഹത്തിന്റെ ഉപപ്രധാനമന്ത്രിയായിരുന്ന താരിഖ് അസീസും പലപ്രാവശ്യം അവരുടെ രാജ്യത്തിന്റെ കൈയിൽ സർവ്വ നശീകരണായുധങ്ങൾ ഒന്നും തന്നെയില്ല എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. അവർ നുണ പറയുകയാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ നിരന്തരം പറഞ്ഞു. ലോകം അവര്‍ക്കെതിരായി ! പക്ഷേ വാഷിങ്ങ്ടണിലുള്ള യുദ്ധക്കൊതിയൻമാർക്കറിയാമായിരുന്നു അവർ സത്യം ആണ് പറയുന്നത് എന്ന്. സദ്ദാമിന്റെ രാഷ്ട്രം ആക്രമിക്കപ്പെട്ടത് അവരുടെ കൈയിൽ സർവ്വ നശീകരണായുധങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അല്ല, അവർക്ക് അതില്ലാതിരുന്നതുകൊണ്ട് കൊണ്ടാണ്. വർഷങ്ങളായുള്ള സഖ്യകക്ഷി ബോംബിങ്ങിന്റെയും ഒന്നാം ഗൾഫ് യുദ്ധത്തിന്റെ ഫലമായി വ്യോമ പ്രതിരോധം പൂർണമായി നശിച്ച ഒരു രാഷ്ട്രമായിരുന്നു ഇറാഖ്. അതുകൊണ്ടുതന്നെ വളരെ നിസ്സാരനായ ഒരു ഇരയായിരുന്നു ഇറാഖ്. ഇറാഖ് ഒരു ഭീഷണിയാണെന്ന് ബുഷും ബ്ലെയറും നുണപറഞ്ഞു, അതിനാൽ 10 ലക്ഷം ഇറാഖികൾ മരിച്ചു വീണു.
അടുത്തത് എണ്ണ സമ്പന്നമായ ലിബിയ, ഇറാക്കിന് സംഭവിച്ചതിൽ നിന്നും ലിബിയ പാഠം പഠിച്ചില്ല. അദ്ദേഹത്തിന്റെ രാജ്യത്തിന് എതിരായുള്ള അമേരിക്കൻ ഉപരോധം പിൻവലിക്കുന്നതിനായി ഗദ്ദാഫി തന്റെ സർവ്വ നശീകരണായുധ പദ്ധതികളെല്ലാം ഉപേക്ഷിച്ചു. അദ്ദേഹത്തിന് തന്റെ രാഷ്ട്രത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകാമായിരുന്നു. പക്ഷേ പകരം പാശ്ചാത്യ നേതാക്കന്മാരുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച അദ്ദേഹം അതിനു വിരുദ്ധമായി പ്രവർത്തിച്ചു. ജോർജ് ഡബ്ള്യു ബുഷ് അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ പുകഴ്ത്തി അതുപോലെതന്നെ ടോണി ബ്ലെയറും അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ ധീരമായ തീരുമാനം എന്ന് വാഴ്ത്തി. പക്ഷേ അത് തീർച്ചയായും ബുദ്ധിപരമായ ഒരു തീരുമാനമായിരുന്നില്ല. അത് അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ രാഷ്ട്രത്തിന്റെയും ശവക്കുഴി തോണ്ടുന്ന ഒരു തീരുമാനം ആയി മാറി. എട്ടുവർഷത്തിനുശേഷം അമേരിക്കൻ പിന്തുണയുള്ള റിബലുകളാൽ പിടിക്കപ്പെട്ട് ക്രൂരമായി കൊല്ലപ്പെടുന്ന സമയത്ത് ഗദ്ദാഫി തീർച്ചയായും ചിന്തിച്ചിട്ടുണ്ടായിരിക്കും അദ്ദേഹത്തിന്റെ തീരുമാനം തെറ്റിപ്പോയെന്ന്.

ഇനി നമുക്ക് വടക്കൻ കൊറിയയെ പറ്റി ചിന്തിക്കാം മിലോ സോവിച്ചിനും സദ്ദാമിനും ഗദ്ദാഫിക്കും എന്ത് സംഭവിച്ചു അവരുടെ രാഷ്ട്രങ്ങൾക്ക് എന്ത് സംഭവിച്ചു എന്നുള്ളതെല്ലാം കിം ജോങ്ങ് ഉൻ തീർച്ചയായും കണ്ടിരിക്കും. വടക്കൻ കൊറിയയുടെ സ്ട്രാറ്റജി വളരെ വ്യക്തമാണ് മുകളിൽ പറഞ്ഞ സംഭവങ്ങൾ നിന്നും അവർക്ക് മനസ്സിലാകുന്നത് എന്തെന്നാൽ അമേരിക്ക വറും തെരുവ് ഗുണ്ടയാണ്, അവർ അശക്തരെ മാത്രമേ ആക്രമിക്കുകയുള്ളൂ. 1950-53 ൽ നടന്ന കൊറിയൻ യുദ്ധത്തിൽ അമേരിക്കൻ ബോംബിങ്ങിൽ 10,00,000 പൗരന്മാരെ നഷ്ടപ്പെട്ട രാഷ്ട്രമാണ് വടക്കൻ കൊറിയ. ഏതെങ്കിലും ഒരു രാജ്യം അവർക്കെതിരെ നിൽക്കുന്നത് അമേരിക്കൻ സാമ്രാജ്യത്ത വാദികൾക്ക് ഇഷ്ടമല്ല. അതുകൊണ്ടുതന്നെയാണ് മുൻ ഇറാനിയൻ പ്രസിഡന്റ് മുഹമ്മദ് അഹ്മദി നെജാദ് എതിരെ അമേരിക്കൻ മാധ്യമങ്ങൾ അച്ച് നിരത്തിയത്. അമേരിക്കൻ സാമ്രാജ്യത്വത്തിന് അവരുടെ ഹിറ്റ് ലിസ്റ്റിൽ ഉള്ള രാഷ്ട്രങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ നിർമിച്ചാൽ അവരെ പിന്നീട് ഭീഷണിപ്പെടുത്താൻ കഴിയില്ലല്ലോ.
പാശ്ചാത്യരാജ്യങ്ങളിൽ ആണവായുധങ്ങൾക്ക് വേണ്ടി ശക്തമായ വാദിക്കുന്നവർ തന്നെയാണ് കൊറിയയേയും ഇറാനെയും പോലുള്ള രാഷ്ട്രങ്ങൾ അവ നേടുന്നതിന് എതിരെ നിലകൊള്ളുന്നത് എന്നതാണു് ഇതിലെ വിരോധാഭാസം. ഞങ്ങൾക്ക് ഞങ്ങളുടെ പ്രതിരോധത്തിന് ആണവായുധങ്ങൾ ആവശ്യമുണ്ട് പക്ഷേ എപ്പോഴെങ്കിലും ഞങ്ങൾ സ്ഥിരമായി ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും ഒരു രാജ്യം ഇതേ കാരണം കൊണ്ട് ആണവായുധം നിർമ്മിക്കാൻ ശ്രമിച്ചാൽ അതൊരു വലിയ കുറ്റമായി മാറും ഇതാണ് അവരുടെ യുക്തി. വടക്കൻ കൊറിയയ്ക്കോ മറ്റേതെങ്കിലും ഒരു രാഷ്ട്രത്തിനോ അമേരിക്കൻ ആക്രമണം തടയണമെങ്കിൽ അമേരിക്കയിലെ യുദ്ധ കൊതിയൻ മാർക്ക് ബോധ്യം വരണം അങ്ങനെയുള്ള ഏതൊരു പ്രവർത്തിയും വളരെ വലിയ നാശത്തിൽ കലാശിക്കുമെന്ന്.
സദ്ദാം തന്റെ കൈയിൽ സർവ നശീകരണായുധങ്ങൾ ഇല്ല എന്ന് ആവർത്തിച്ചു കൊണ്ടേയിരുന്നു, പക്ഷേ കിം ജോങ് ഉൻ അതിന് വിപരീതമായി തന്റെ രാജ്യത്തിന്റെ ശക്തിയെ പറ്റിയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വെറും വാക്കുകൾ കൊണ്ട് പ്രയോജനമില്ല എന്ന് അദ്ദേഹത്തിന് അറിയാം, അമേരിക്കയ്ക്ക് യഥാർത്ഥമായ ഭീഷണിയാണ് കൊറിയൻ മിസൈലുകൾ എന്ന് അദ്ദേഹത്തിന് തെളിയിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് രണ്ട് അമേരിക്കൻ സൈനിക ക്യാമ്പുകൾ ഉള്ള ഗുവാമിലേക്ക് നാല് റോക്കറ്റുകൾ വിടാനുള്ള പദ്ധതി തയ്യാറാക്കി എന്ന് അവർ അവകാശപ്പെട്ടത്. ഈ സ്ട്രാറ്റജി വളരെ റിസ്കുള്ള ഒന്നാണ് പ്രത്യേകിച്ച് ട്രമ്പിനെ പോലെ ഒരാൾ അമേരിക്കൻ നേതൃത്വത്തിൽ ഉള്ളപ്പോൾ. ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് എന്തിനും തയാറായി ഉള്ള നിൽപും മിസൈൽ കാണിച്ചുള്ള ഭീഷണിപ്പെടുത്തലും തീർച്ചയായും ശരിയായതും യുക്തിപൂർവ്വവും മായ ഒരു സ്ട്രാറ്റജി തന്നെയാണ എന്നാണ്.
കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലം നമുക്ക് നൽകുന്ന പാഠം എന്തെന്നാൽ പ്രതിരോധം മാത്രമേ മാർഗമുള്ളൂ, നിങ്ങൾ അമേരിക്കയുടെ ശത്രു രാജ്യമാണെങ്കിൽ വാഷിങ്ടണിൽ ഉള്ള യുദ്ധ കൊതിയൻമാരെ പ്രതിരോധിക്കാനുള്ള ശേഷി നിങ്ങൾക്കില്ലെങ്കിൽ നിങ്ങളുടെ രാഷ്ട്രം വളരെ വലിയ ആപത്തിൽ ആണ് എന്നാണ്. സംശയമുണ്ടെങ്കിൽ മിലേസോവിച്ചിന്റെയോ സദ്ദാമിന്റെയോ ഗദ്ദാഫിയുടെ പ്രേതങ്ങളോട് ചോദിച്ചാൽ മതി.
(എഴുതിയത് ഇവാന്‍സ് സുകുമാരന്‍.)