കുണ്ടറ: കുണ്ടറയില്‍ പീഡനത്തിനിരയായ പത്തുവയസുകാരി ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതി കുട്ടിയുടെ മുത്തച്ഛനെന്ന് പോലീസ്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും മൊഴികളാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. മുത്തച്ഛന്റെ പെരുമാറ്റത്തെകുറിച്ച് മരിച്ച പെണ്‍കുട്ടി പലതവണ പരാതി പറഞ്ഞിട്ടുണ്ടെന്ന് മുത്തശ്ശി മൊഴി നല്‍കി. കൊല്ലത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലര്‍മാരോട് മുത്തച്ഛന്റെ പെരുമാറ്റത്തെ കുറിച്ചും പെണ്‍കുട്ടി മരിച്ച ദിവസം വീട്ടില്‍ നടന്ന സംഭവങ്ങളെ കുറിച്ചും മൂത്ത സഹോദരി മൊഴി നല്‍കിയിരുന്നു.

ശേഷിക്കുന്ന ഒരു മകളെ കൂടി നഷ്ടപ്പെടുത്താന്‍ താന്‍ തയ്യാറല്ലെന്ന് അമ്മ പോലീസിനോട് പറഞ്ഞു. മുത്തച്ഛന്‍ ജോലിചെയ്യുന്ന കൊല്ലത്തെ സ്വകാര്യ ലോഡ്ജിലെ ജീവനകാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സ്വഭാവദൂഷ്യമുള്ള ആളാണ് ഇയാളെന്നും മദ്യപാനിയാണെന്നുമാണ് ലോഡ്ജിലുള്ളവര്‍ പോലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി, മരിച്ച പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുമ്പോള്‍ സ്ഥിരമായി കയറാറുള്ള കടയുടെ ഉടമ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് അച്ഛനാണോയെന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് തെറ്റാണെന്ന് തെളിഞ്ഞു. എന്നാല്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ അന്വേഷണവുമായി സഹകരിക്കാന്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മ തയ്യാറായിരുന്നില്ല. ഇത് കേസന്വേഷണത്തെ ദോഷമായി ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് അമ്മ അന്വേഷണവുമായി സഹകരിച്ചതും പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതും. പെണ്‍കുട്ടിയുടെ അമ്മയെയും മുത്തച്ഛനെയും നുണപരിശോധനക്ക് വിധേയരാക്കണമെന്ന് കൊല്ലം സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ അന്വേഷണവുമായി സഹകരിക്കാന്‍ തുടങ്ങിയത്.