ജപ്പാന്: ‘ഫുഗു’ എന്നും ‘പഫ്ഫര്‍’ എന്നും പേരുള്ള ഈ മത്സ്യം ഉപയോഗിച്ചുള്ള വിഭവം ജപ്പാന്‍കാരുടെ ഇഷ്ട വിഭവമാണ്. എന്നാല്‍ ഫുഗുവിനെ വെറുതെയങ്ങ് പിടിക്കാനോ കറിവയ്ക്കാനോ സാധിക്കില്ല. ഇവനെപിടിക്കാനും കറിവയ്ക്കാനും സര്‍ക്കാര്‍ ലൈസന്‍സ് വേണം. സയനേഡിനെക്കാള് 1200 ഇരട്ടി മാരകമായ വിഷമാണ് ഈ മീനിന്റെ ശരീരത്തിലുള്ളത്. 30 ഓളം മനുഷ്യരെ ഒറ്റയടിക്ക് കൊല്ലാന്‍ ഈ വിരുതന് സാധിക്കും. അതിനാലാണ് ഈ മീനിനെ പിടിക്കാനും പാചകം ചെയ്യാനും സര്‍ക്കാര്‍ ലൈസന്‍സ് നിര്‍ദേശിച്ചത്. ഫുഗു മത്സ്യത്തിന്റെ വിഷബാധയേറ്റാല്‍ പിന്നെ ഇതിന് ചികിത്സയില്ല.

മൂന്നു വര്‍ഷത്തെ പരിശീലനവും പ്രാക്റ്റിക്കല്‍ പരീക്ഷയും എഴുത്തു പരീക്ഷയും കഴിഞ്ഞവര്‍ക്ക് മാത്രമേ ഫുഗുവിനെ പാചകം ചെയ്യാനുള്ള ലൈസന്‍സ് കിട്ടുകയുള്ളൂ. ഇതിന്റെ പ്രാക്ടിക്കല്‍ പരീക്ഷയാണ് ഏറ്റവും രസകരമായത്. സ്വന്തമായി മീന്‍ വൃത്തിയാക്കി, അത് പാചകം ചെയ്ത് കഴിച്ച് കാണിക്കുന്നവര്ക്കുമാത്രമേ ലൈസന്‍സ് കിട്ടുകയുള്ളൂ. അതും പാചകം ചെയ്യുന്നയാള്‍ ജീവനോടെയുണ്ടെങ്കില്‍ മാത്രം.

ഈ മത്സ്യത്തിന്റെ മാംസത്തിലല്ല വിഷമുള്ളത്. ഇവയുടെ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയയാണ് മാരകമായ വിഷമുണ്ടാക്കുന്നത്. പാചകം ചെയ്യുന്നയാള്‍ വളരെ സൂക്ഷിച്ച് മത്സ്യത്തിന്റെ ആന്തരീകാവയവങ്ങള്‍ നീക്കം ചെയ്ത്, സംസ്കരിക്കാന്‍ കൊണ്ടുപോകാനായി സ്റ്റീല്‍ പാത്രത്തിലാക്കി അടച്ചു വച്ചതിനു ശേഷമേ ഭക്ഷണം പാചകം ചെയ്യല്‍ ആരംഭിക്കുകയുള്ളൂ. ഈ മത്സ്യത്തെ പല രീതിയിലും പാചകം ചെയ്യാറുണ്ട്. പച്ചമാംസം അരിഞ്ഞ് സോസില്‍ മുക്കി കഴിക്കുന്ന സാഷിമിയാണ് ജപ്പാന്‍കാരുടെ ഇഷ്ടഭക്ഷണം.

ഏകദേശം 100 ഡോളറിനു( 7000 രൂപ) മുകളിലാണ് ഫുഗു മത്സ്യം കൊണ്ടുണ്ടാക്കിയ വിഭവത്തിന്റെ വില. ഈ മത്സ്യം കൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന് രുചി കിട്ടണമെങ്കില്‍ ഈ വിഷത്തിന്റെ ചെറിയൊരു അംശം വേണമെന്നതാണ് അതി രസകരമായ മറ്റൊരു കാര്യം. അതായത് വിഷം കൂടുതലായി കഴിക്കുന്നവര്‍ മരിക്കാതെയും വിഷം മുഴുവനായി കളഞ്ഞ് രുചികുറയ്ക്കാതെയും ഈ മത്സ്യം പാചകം ചെയ്യണമെങ്കില്‍ അസാധാരണ കഴിവ് തന്നെ വേണം എന്നര്‍ത്ഥം.
