ഇവന്‍ വന്യമൃഗങ്ങളുടെ ദാഹമകറ്റുന്നവന്‍… പ്രിയപ്പെട്ട പാട്രിക്, നിന്നെ ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ക്കുന്നു.

  • Post category:news
  • Reading time:2 mins read
You are currently viewing ഇവന്‍ വന്യമൃഗങ്ങളുടെ ദാഹമകറ്റുന്നവന്‍… പ്രിയപ്പെട്ട പാട്രിക്, നിന്നെ ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ക്കുന്നു.

കെനിയ: വരള്‍ച്ച സമയത്ത് പണം കൊടുത്ത് വെള്ളം വാങ്ങുകയും പണത്തിന് വേണ്ടി കുടിവെള്ളം വില്‍ക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ സമൂഹം. എന്നാല്‍ പാട്രിക് മ്വലുവ എന്ന ഈ മൃഗസ്‌നേഹി ആഴ്ച്ചയിലൊരു ദിവസം എഴുപതോളം കിലോ മീറ്ററുകള്‍ താണ്ടി സാവോ വെസ്റ്റ് നാഷണല്‍ പാര്‍ക്കിലെത്തും; അവിടെയുള്ള കാട്ടു മൃഗങ്ങള്‍ക്കുള്ള കുടിവെള്ളവുമായി. കെനിയയില്‍ ഒരു ട്രക്ക് വെള്ളത്തിന് 250 ഡോളര്‍ കൊടുക്കേണ്ടി വരും. കര്‍ഷകനായ മ്വലുവ കൃഷിയില്‍ നിന്നും തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്കാണ് വരള്‍ച്ചക്കാലത്ത് വന്യ മൃഗങ്ങളുടെ ദാഹമകറ്റാനായി ഇത്തരത്തില്‍ ചെലവഴിക്കുന്നത്. ഉദാരമതികളായ ആരെങ്കിലും സംഭാവന തരുമെന്നും അത് കൊണ്ട് സ്വന്തമായൊരു ടാങ്ക് വാങ്ങി പാര്‍ക്കിലെല്ലായിടത്തും വെള്ളമെത്തിക്കാമെന്നും പാര്‍ക്കില്‍ കുഴല്‍ കിണര്‍ കുഴിച്ച് അതില്‍ നിന്നും വെള്ളമെടുത്ത് മൃഗങ്ങളുടെ ദാഹമകറ്റാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് മൃഗസ്‌നേഹിയായ മ്വലുവ. സാവോ പാര്‍ക്കിലെ 40 ശതമാനം വന്യ ജീവികളും ഇല്ലാതായത് വരള്‍ച്ചയെ തുടര്‍ന്നാണത്രെ. അതിനാല്‍ വരള്‍ച്ച സമയത്ത് വറ്റിപ്പോയ കുളങ്ങളിലേക്ക് ടാങ്കില്‍ കൊണ്ടു വന്ന വെള്ളം ഒഴിച്ചാണ് മ്വലുവ മൃഗങ്ങളുടെ ദാഹമകറ്റുന്നത്.

‘കെനിയയില്‍ ആരും മൃഗങ്ങളെ സഹായിക്കുന്നത് ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല, പ്രത്യേകിച്ചും വന്യ ജീവികളെ. വളര്‍ന്ന് വലുതാകുമ്പോള്‍ മൃഗങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് പറ്റിയ സമയമെന്ന് ഞാന്‍ കരുതി. ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് വന്യ മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ്’- മ്വലുവയുടെ വാക്കുകള്‍ ഇങ്ങനെ. ഒരു ആഴ്ച്ചയില്‍ നിരവധി തവണ 12,000 ലിറ്ററോളം വെള്ളം വരെ മ്വലുവ കാട്ടിലെത്തിച്ചിട്ടുണ്ട്. വാടകയ്‌ക്കെടുത്ത നീല ട്രക്ക് നിറയെ വെള്ളവുമായെത്തുന്ന മ്വലുവയുടെ വരവിനായി മൃഗങ്ങള്‍ കാത്തിരിക്കും. അവരെ നിരാശപ്പെടുത്താതെ കൃത്യസമയത്ത് തന്നെ മ്വലുവ എത്തിച്ചേരും. അവര്‍ തമ്മിലുള്ള ഈയൊരു കൂടിച്ചേരല്‍ കാഴ്്ച്ചക്കാരില്‍ എന്തെന്നില്ലാത്ത സന്തോഷാനുഭവം പകരുന്നു. വന്യജീവികളെ വേട്ടയാടലും വനനശീകരണവും സാവോയില്‍ പതിവ് സംഭവമാണ്. വന്യ ജീവികളെ വേട്ടയാടുന്നത് കൊടും കുറ്റമാണ്. എന്നാല്‍ അതിലും വലിയ കുറ്റമാണ് അവര്‍ ജീവിക്കുന്ന പരിസ്ഥിതിയെ ഇല്ലാതാക്കുന്നത്. എന്നാല്‍ തദ്ദേശവാസികള്‍ ഇക്കാര്യത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് സാവോ ഹെറിറ്റേജ് ഫൗണ്ടേഷന്‍ തലവന്‍ ജേക്കബ് കിപ്‌സോങോ വേദനയോടെ പറയുന്നു. പ്രകൃതിയുടെ ഹൃദയം തൊട്ടറിഞ്ഞ പരിസ്ഥിതി സ്‌നേഹിയും കര്‍ഷകനുമായ പാട്രിക് മ്വലുവ നാടിന് മാതൃകയാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

കടപ്പാട്: Al Jazeera

 

0Shares