
ഇലക്ട്രോണിക് വോട്ടിഗ് മെഷീനെതിരെ മഹാരാഷ്ട്രയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ച്. ആഗസ്ത് 21 നാണ് മുംബൈയില്‍ മാര്‍ച്ച് നടത്തുന്നത്. ഇ.വി.എമ്മില്‍ ക്രമക്കേട് ആരോപിച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാല്‍ മതിയെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ശക്തമാണ്. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ സേന അധ്യക്ഷന്‍ രാജ് താക്കറെ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോറത്ത്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അജിത് പവാര്‍, കര്‍ഷക നേതാവ് രാജുഷെട്ടി, സോഷ്യലിസ്റ്റ്, ഇടത് പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ പത്രസമ്മേളനം വിളിച്ചു.
കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് രാജ്താക്കറെ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. തെരഞ്ഞെടപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാം എന്ന ആവശ്യമായിരുന്നു ഉന്നയിച്ചത്. പിന്നാലെ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാജ് താക്കറെ കൂടികാഴ്ച്ച നടത്തിയിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും ഇ.വി.എമ്മിനെതിരെയുള്ള പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കി.

കഴിഞ്ഞ ദിവസം ഇ.വി.എമ്മിലെ ക്രമക്കേട് സംബന്ധിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രതികരിച്ചത് ‘ ഞങ്ങള്‍ ആരെയും അവിശ്വസിക്കുന്നില്ല. എന്നാല്‍ ഇ.വി.എമ്മിന്‍റെ ഉപയോഗത്തില്‍ ചില സംശയങ്ങളുണ്ട്. എല്ലാ തെരഞ്ഞെടുപ്പും സുതാര്യമായ രീതിയില്‍ നടത്തണം.
നിരവധി വികസിത രാജ്യങ്ങള്‍ ഇ.വി.എമ്മിന്‍റെ ഉപയോഗം നിര്‍ത്തിയിട്ടുണ്ട്. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോവുക എന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഉന്നയിക്കുന്ന ആവശ്യമല്ല. ജനങ്ങളുടെ ആവശ്യമാണ്.’ എന്നായിരുന്നു.
