
ചെന്നൈ: ഇറോം ശർമ്മിള സമാധാനത്തിന് വെല്ലുവിളിയാണെന്നും കൊടൈക്കനാലിൽ വെച്ച് വിവാഹം നടത്താൻ അനുവദിക്കരുതെന്നും വാദിച്ചുകൊണ്ട് ഹൈന്ദവ സംഘടന രംഗത്ത്. ഹിന്ദു മക്കൾ കച്ചിയെന്ന ഹൈന്ദവ സംഘടനയാണ് ഇറോം ശർമ്മിളയുടെയും ബ്രിട്ടീഷുകാരനായ ഡെസ്മോണ്ട് കൗട്ടിനോയും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കരുതെന്ന് കാണിച്ച് സംഘടന കൊടൈക്കനാൽ സബ്- രെജിസ്റ്റർ ഓഫീസിൽ പരാതി നൽകി.

കൊടൈക്കനാൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ് ഇപ്പോഴെന്നും ഇറോം ഇവിടെ സ്ഥിരതാമസമാക്കിയാൽ അത് നാടിന്റെ ക്രമസമാധാനത്തെ ബാധിക്കുമെന്നും എച്ച്. എം. കെ ജനറൽ സെക്രട്ടറി ആർ. രവികുമാർ ആരോപിക്കുന്നു. സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം തങ്ങളുടെ വിവാഹം നടത്തിതരണമെന്ന് കാണിച്ച് ഇറോമും കാമുകൻ ഡെസ്മോണ്ട് കൗട്ടിനോയും കഴിഞ്ഞ ജുലൈ 12നു കൊടൈക്കനാൽ സബ്-രെജിസ്റ്റർ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. നിയമപ്രകാരം ഒരുമാസത്തെ നോട്ടീസ് പിരീഡാണ് വിവാഹിതരാകാൻ വേണ്ടത്. ഇതിനിടെയാണ് എതിർപ്പുമായി ഹിന്ദു മക്കൾ കച്ചി (എച്ച്. എം. കെ) രംഗത്തെത്തിയിരിക്കുന്നത്.
