ന്യൂഡല്‍ഹി: പെരുന്നാള്‍ തലേന്ന് തീവണ്ടിയില്‍ വെച്ച് വംശീയ കൊലയ്ക്ക് ഇരയായ ജുനൈദിനെ അക്രമികള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായിയാണെന്ന് വെളിപ്പെടുത്തല്‍. ജുനൈദിനെ കുത്തിക്കൊലപ്പെടുത്തുക മാത്രമല്ലാ ചെയ്തത് മറിച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്രിയവും അക്രമികള്‍ തകര്‍ത്തിരുന്നു എന്നാണ് പുതിയ വിവരം. ജുനൈദിനെ കൊലപ്പെടുത്തും മുമ്പ് ക്രൂരമായി മര്‍ദിച്ചു പിന്നീട് നിലത്തിട്ട് 25ഓളം പേര്‍ ചേര്‍ന്നു ചവിട്ടി, ഇതിനിടെ ചിലര്‍ ജനനേന്ദ്രിയം നോക്കി ചവിട്ടിത്തകര്‍ത്തു. അക്രമത്തില്‍ ജുനൈദിന്റെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളില്‍ കുത്തേറ്റ മുറിവുണ്ടായിരുന്നു. പെരുന്നാള്‍ വസ്ത്രം വാങ്ങാന്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ജുനൈദിനെ ഒരുസംഘം അക്രമികള്‍ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആ സമയം ജുനൈദിനോടപ്പം സഹോദരന്‍ ഹാഷിമും സുഹൃത്തുക്കളായ മുഹമ്മദ് മുഹ്‌സിന്‍, മുഹമ്മദ് മുഈന്‍ എന്നിവരുമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക് അക്രമികളെ തടയാനായില്ല.

ഹാഷിം വിവരിക്കുന്നത് ഇങ്ങനെ; അക്രമികള്‍ ട്രെയിനില്‍ കയറിയപ്പോള്‍ തന്നെ തങ്ങളോട് സീറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു. മുസ്ലിംകള്‍ അങ്ങനെ ഇരിക്കേണ്ടെന്നായിരുന്നു അവരുടെ പക്ഷം. സീറ്റ് ചോദിച്ചപ്പോള്‍ തന്നെ ജുനൈദ് എഴുന്നേറ്റ് സീറ്റ് ഒഴിഞ്ഞുനല്‍കി. ആ സീറ്റിലിരുന്ന ആളാണ് അവനെ ആദ്യം മുഖത്തടിച്ചത്. അവര്‍ തങ്ങളെ പാകിസ്താനികളെന്നും ബീഫ് തിന്നുന്നവരെന്നും ആക്ഷേപിക്കുകയും തൊപ്പി തട്ടിത്തെറിപ്പിച്ചും താടി പിടിച്ചുവലിച്ചും അപമാനിക്കുകയും ചെയ്തു. വണ്ടിയിലെ തിങ്ങിനിറഞ്ഞ ബോഗിയില്‍ മുന്നൂറോളം ആള്‍ക്കാരുണ്ടായിരുന്നു. ആരും തടഞ്ഞില്ലെന്ന് മാത്രമല്ല, തങ്ങളെ അപമാനിക്കാനും മര്‍ദിക്കാനും അവര്‍ അക്രമികളോടപ്പം പങ്കാളികളാവുകയും ചെയ്തു. ഇരുവശത്തും മൂര്‍ച്ചയുള്ള പ്രത്യേകതരം കത്തിയായിരുന്നു അവരുടെ കൈയിലുണ്ടായിരുന്നത് ഇത് കൊണ്ടാണ് അവര്‍ ഞങ്ങളെ ആക്രമിച്ചത്. ഇവരുടെ അക്രമത്തില്‍ ജുനൈദിന് ജീവന്‍ നഷ്ടമായി. സ്റ്റേഷനില്‍ രക്തം വാര്‍ന്നുകിടന്നിട്ടും സഹായിക്കാന്‍ ആരും തയ്യാറായില്ല, സാക്കിറിന്റെ ശരീരത്തില്‍ നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. ഒരു തൂവാല തരാന്‍ പോലും ആരുമുണ്ടായില്ല. 100 മീറ്റര്‍ അകലെ പോലിസുകാരുണ്ടായിരുന്നു. അവരും സഹായിക്കാനെത്തിയില്ല. 45 മിനിറ്റ് കഴിഞ്ഞാണ് ആംബുലന്‍സ് പോലും എത്തിയതെന്ന് എന്നും സഹോദരന്‍ ഹാഷിം പറയുന്നു.