ഇരുപത്തിനാലാമത് ഐ.എഫ്.എഫ്.കെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  • Post category:news
  • Reading time:2 mins read
You are currently viewing ഇരുപത്തിനാലാമത് ഐ.എഫ്.എഫ്.കെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2019 ഡിസംബര്‍ ആറു മുതല്‍ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഇരുപത്തിനാലാമത് ഐ.എഫ്.എഫ്.കെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രതിനിധികളെയും ചലച്ചിത്രപ്രവര്‍ത്തകരെയും സ്വീകരി ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു. 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടാഗോര്‍ തിയേറ്ററാണ് മേളയുടെ മുഖ്യവേദി. 14 തിയേറ്ററുകള്‍ പ്രദര്‍ശനത്തിന് സജ്ജമായിക്കഴിഞ്ഞു.

എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ 15 ഓളം വിഭാഗങ്ങളിലായി 73 രാജ്യങ്ങളില്‍നിുള്ള 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളാണ് അന്താരാഷ്ര്ട മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 12 ചിത്രങ്ങളും “ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ 7 സിനിമകളും പ്രദര്‍ശിപ്പിക്കും.

ലോക സിനിമാ വിഭാഗത്തില്‍ ഇത്തവണ 92 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സമകാലിക ലോകസിനിമയിലെ മഹാരഥന്മാരായ പെദ്രോ അല്‍മോദോവര്‍, മുഹ്സിന്‍ മക്മല്‍ ബഫ്, മൈക്കേല്‍ ഹനേക, കെന്‍ ലോച്ച്, ഫത്തിഹ് അകിന്‍, കോസ്റ്റ ഗാവ്രാസ്, ഏലിയ സുലൈമാന്‍ തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ മേളയിലുണ്ട്. ലോകത്തെ മുന്‍നിര ചലച്ചിത്രമേളകളായ കാന്‍, വെനീസ്, ബെര്‍ലിന്‍, ബുസാന്‍, റോട്ടര്‍ഡാം, സാന്‍ സെബാസ്റ്റ്യന്‍ ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.

വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. 3500 സീറ്റുകള്‍ ഉള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. മുഖ്യവേദിയായ ടാഗോറില്‍ 900 സീറ്റുകളാണ് ഉള്ളത്.
സിനിമകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈല്‍ അപ്ളിക്കേഷനും ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിനിമയുടെ പ്രദര്‍ശന ദിവസത്തിന്‍റെ തലേ ദിവസം 12 മണി മുതല്‍ അര്‍ധരാത്രി 12 മണിവരെ 24 മണിക്കൂര്‍ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ക്യു നില്‍ക്കാതെ തന്നെ ഭിന്നശേഷിക്കാര്‍ക്കും എഴുപതു കഴിഞ്ഞവര്‍ക്കും തിയേറ്ററുകളില്‍ പ്രവേശനം ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കായി തിയേറ്ററുകളില്‍ റാമ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി വനിതാ വോളന്‍റിയര്‍മാരുടെ സേവനം ലഭ്യമാക്കും. പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.

ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ ആറിന് തിരശ്ശീല ഉയരും. വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി തിയേറ്ററില്‍ സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. എ.കെ ബാലന്‍റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണം, ടൂറിസം, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മൂന്നു തവണ നേടിയ ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി.

0Shares