തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റിലും ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്താല്‍ വിട്ടുവീഴ്ച വേണ്ടെന്നും പിഴയടപ്പിക്കണമെന്നും ഉത്തരവ്. ദക്ഷിണമേഖല എഡിജിപി ബി സന്ധ്യയുടേതാണ് ഉത്തരവ്. പരിശോധന ക്യാമറയില്‍ പകര്‍ത്തും. പരമാവധിപേര്‍ക്ക് നോട്ടീസ് നല്‍കാനും നിര്‍ദേശമുണ്ട്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മദ്യപിച്ചുളള വാഹനമോടിക്കല്‍, മൊബൈല്‍ഫോണില്‍ സംസാരിച്ച് വണ്ടിയോടിക്കുക എന്നിവരെ പിടികൂടാനുളള പരിശോധനകളും ഊര്‍ജിതമാക്കും.
ഹെല്‍മെറ്റില്ലാതെ യാത്രചെയ്താല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 128 പ്രകാരം 100 രൂപയാണ് പിഴ.

വാഹനമോടിക്കുന്നയാള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ആദ്യഘട്ടത്തില്‍ ഫെബ്രുവരി 28 വരെയാണ് ഹെല്‍മെറ്റില്ലാത്ത പിന്‍സീറ്റുകാരെ കുടുക്കാനുള്ള പരിശോധന. നിയമലംഘനത്തിന് പിടികൂടിയവരുടെ കണക്ക് മാര്‍ച്ച് രണ്ടിനുമുമ്പ് പോലീസ് ആസ്ഥാനത്ത് എത്തിക്കണം. വാഹനമോടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്ന് നിയമമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍കാരണം കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. പത്തുദിവസത്തെ സമയപരിധിയില്‍ വീണ്ടും ഇത്തരം പരിശോധനയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.