ഇപ്പോഴുള്ള സംഘടനാ സംവിധാനമുപയോഗിച്ച് ആർ.എസ്.എസിനെ നേരിടാനാവില്ല : രാഹുല്‍ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing ഇപ്പോഴുള്ള സംഘടനാ സംവിധാനമുപയോഗിച്ച് ആർ.എസ്.എസിനെ നേരിടാനാവില്ല : രാഹുല്‍ഗാന്ധി

ന്യൂഡൽഹി: സ്വന്തം മക്കളെ സ്ഥാനാർത്ഥികളാക്കിയില്ലെങ്കിൽ പാർട്ടിയിൽ നിന്നു രാജിവയ്ക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി രാഹുൽ ഗാന്ധി .ശനിയാഴ്ച ചേർന്ന സമിതി പ്രവര്‍ത്തക യോഗത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പി. ചിദംബരം എന്നിവരെ മുന്നിലിരുത്തിയാണ് രാഹുലിന്‍റെ വിമര്‍ശനം.

താൻ മുഖ്യമന്ത്രിയായ സംസ്ഥാനത്ത് മകനു സീറ്റ് ലഭിക്കണമെന്നു കമൽനാഥ് ആവശ്യപ്പെട്ടു. മകൻ മത്സരിച്ച ജോധ്പുരിൽ 7 ദിവസം പ്രചാരണം നടത്തിയ ഗെലോട്ട് മറ്റു മണ്ഡലങ്ങളെ അവഗണിച്ചു – മൂവരുടെയും സാന്നിധ്യത്തിൽ രാഹുൽ ചൂണ്ടിക്കാട്ടി. ഗെലോട്ടിന്‍റെ മകൻ വൈഭവ് തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു. കൽനാഥിന്‍റെ മകൻ നകുൽനാഥും ചിദംബരത്തിന്‍റെ മകൻ കാർത്തിയും വിജയിച്ചു.

നേതാക്കൾ സ്വന്തം കാര്യം മാറ്റിവച്ചു പാർട്ടിക്കു വേണ്ടി പ്രവർത്തിക്കണം. ആർഎസ്എസിനും ബി.ജെ.പിക്കുമെതിരായ പോരാട്ടമായിരുന്നു ലക്ഷ്യം. എന്നാൽ, ജില്ലാ പ്രസിഡന്റുമാരുടെ നിയമനങ്ങളിലെ തർക്കങ്ങളിലേക്കു വരെ എന്നെ വലിച്ചിഴച്ചു.സംസ്ഥാനതലത്തിൽ തീർക്കേണ്ടിയിരുന്ന പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ചു വഷളാക്കി. ഈ സ്ഥിതിയിൽ പാർട്ടിയെ നയിക്കാൻ ബുദ്ധിമുട്ടുണ്ട്.നിലവിലെ സംഘടനാ സംവിധാനമുപയോഗിച്ച് ആർഎസ്എസിനെ നേരിടാനാവില്ല.

റഫാൽ വിഷയത്തിൽ മറ്റു നേതാക്കളിൽ നിന്നു പിന്തുണ ലഭിക്കാത്തതിൽ രാഹുൽ ഗാന്ധി അസംതൃപ്തി വ്യക്തമാക്കി. പ്രവർത്തക സമിതി യോഗത്തിലുള്ള എത്ര പേർ റഫാൽ വിഷയം ഏറ്റെടുത്തുവെന്ന് അദ്ദേഹം ചോദിച്ചു. മറുപടിയായി ഏതാനും പേർ കൈ ഉയർത്തിയെങ്കിലും രാഹുൽ ശരിവച്ചില്ല. സംസ്ഥാനതലത്തിൽ കരുത്തുറ്റ നേതാക്കളെ വളർത്തിയെടുക്കണമെന്നു ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ പ്രവർത്തക സമിതിയിൽ ആവശ്യപ്പെട്ടു.

0Shares