ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലുണ്ടായ സുനാമിയില്‍ 43 മരണം. 600 ഓളം പേര്‍ക്കു പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30 നാണ് സുനാമിയുണ്ടായത്. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമിത്തിരകളില്‍പെട്ടു നിരവധി കെട്ടിടങ്ങളും തകര്‍ന്നു. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് വിവരം. സുനാമിയെ തുടര്‍ന്ന് തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നു. അനക് ക്രാക്കതാവു അഗ്‌നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമെന്നാണു കരുതുന്നത്. ക്രാക്കത്തോവ അഗ്‌നിപര്‍വതത്തിനു സമീപത്തായി വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ട ദ്വീപാണ് ഇത്. സ്‌ഫോടനമുണ്ടായി 24 മിനിറ്റുകള്‍ക്കു ശേഷമായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.
ബാന്തെന്‍ പ്രവിശ്യയിലെ പാന്‍ഡെങ്‌ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ചത്. 33 പേര്‍ ഇവിടെ മരിച്ചതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. സുനാമിയില്‍ നിരവധി ഹോട്ടലുകളും വീടുകളും തകര്‍ന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്തോനേഷ്യയിലെ സുലേവാസി ദ്വീപിലുണ്ടായ ഭൂചലനത്തിലും മണ്ണിടിച്ചിലിലും ആയിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഭൂചലനവും സുനാമിയും നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.
