തിരുവനന്തപുരം: ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നടുവാനുള്ള പദ്ധതിക്ക് ഇന്ന് തുടക്കം. വിദ്യാഭ്യാസ തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം നിര്‍വ്വഹിക്കും. വിദ്യാലയങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ സന്നദ്ധ സംഘടനകള്‍ മുഖേനയാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നത്.

ഒരോ വിദ്യാര്‍ത്ഥികള്‍ക്കും ഓരോ വൃക്ഷത്തൈ എന്ന ആശയത്തിലൂന്നിയാണ് വിദ്യാഭ്യാസ വകുപ്പ് മരകൊയ്ത്ത് എന്ന പേരില്‍ നാല്‍പത് ലക്ഷം വൃക്ഷത്തൈ വിദ്യാര്‍ത്ഥികളിലൂടെ വിതരണം ചെയ്യുന്നത്. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പദ്ധതിക്കും ഇന്ന് തുടക്കമാകും. പരിസ്ഥിതി സംരക്ഷണത്തിലൂടെ ജല ലഭ്യത വീണ്ടെടുത്ത് കേരളത്തെ ഹരിതാഭമാക്കാന്‍ വ്യാപകമായി മരം നടണമെന്ന സന്ദേശമാണ് സര്‍ക്കാര്‍ ഈ പരിസ്ഥിതി ദിനത്തില്‍ നല്‍കുന്നത്.