തിരുവനന്തപുരം: യേശുദേവന്റെ തിരുപ്പിറവി ദിനത്തില്‍ പ്രാര്‍ഥനാ നിര്‍ഭരമായ മനസുമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേര്‍ന്നു. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ദേവാലയങ്ങളിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് മതമേലധ്യക്ഷന്‍മാര്‍ കാര്‍മ്മികത്വം വഹിച്ചു.
ബെത്ത്‌ലഹേമിലെ പുല്‍ത്തൊ!ഴുത്തില്‍ ഉണ്ണിയേശു പിറന്നു വീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ചുമാണ് ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക ശുശ്രൂഷയും നടന്നത്. സുവിശേഷ വായനക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികള്‍ മുഴങ്ങി. ഉണ്ണിയേശുവിന്റെ രൂപവും എടുത്ത് കാര്‍മികര്‍ ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണമായിരുന്നു തിരുപ്പിറവിയുടെ പ്രധാന കര്‍മം. മെഴുകുതിരികള്‍ കൈകളില്‍ ഏന്തി വിശ്വാസികളും പ്രദക്ഷിണത്തില്‍ പങ്കെടുത്തു. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു.
സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്ബില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ബസലിക്കയില്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവയും പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യവും നേതൃത്വം നല്‍കി.
യാക്കോബായ സഭയില്‍ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയും ഓര്‍ത്തഡോക്‌സ് സഭയില്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ്ദ്വിതിയന്‍ കാതോലിക്കാ ബാവയും മുഖ്യ കാര്‍മികരായിരുന്നു.
ഇതര ക്രൈസ്തവ സഭകളായ മാര്‍ത്തോമ സിഎസ്‌ഐ സഭകളിലും ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രത്യേക ശുശ്രൂഷകള്‍ നടന്നു. പാതിരാ കുര്‍ബാനക്കായി പള്ളികളില്‍ എത്തിച്ചേര്‍ന്ന വിശ്വാസികള്‍ കുര്‍ബാനക്ക് ശേഷം കേക്ക് മുറിച്ചും പരസ്പരം സമാധാനം ആശംസിച്ചുമാണ് വീടുകളിലേക്ക് മടങ്ങിയത്.