
തിരുവനന്തപുരം: അന്തര്‍ദേശീയ വനിതാ ദിനം പ്രമാണിച്ച് സംസ്ഥാനത്തെ പരമാവധി പോലീസ് സ്‌റ്റേഷനുകളില്‍ ഇന്ന് വനിത പോലീസ് ഉദ്യോഗസ്ഥര്‍ ചുമതലകള്‍ നിര്‍വഹിക്കും. കേരളാ പോലീസിലെ എസ്.ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത്.

പോലീസ് സ്‌റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. ഒന്നില്‍ കൂടുതല്‍ വനിത എസ്.ഐമാര്‍ ഉള്ള സ്‌റ്റേഷനുകളില്‍നിന്ന് അധികം ഉള്ളവര്‍ക്ക് സമീപ സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നല്‍കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
അതേസമയം, വനിത പോലീസ് ഓഫിസര്‍മാര്‍ ഇല്ലാത്ത സ്‌റ്റേഷനുകളില്‍ വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരെയും സിവില്‍ പോലീസ് ഓഫിസര്‍മാരെയും പെതുജനങ്ങളുമായി ഇടപഴകുന്നതിന് അതത് ജില്ല പോലീസ് മേധാവിമാര്‍ നിയോഗിക്കും. അന്തര്‍ദേശീയ വനിത ദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടിയുമായി സഹകരിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
