മുംബൈ: നാവികസേനയ്ക്ക് കരുത്തേകി രണ്ടാം സ്‌കോര്‍പ്പിയോണ്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരി നീറ്റിലിറക്കി. മുംബൈയിലെ മസഗോണ്‍ കപ്പല്‍ നിര്‍മ്മാണശാലയിലാണ് അന്തര്‍വാഹിനി ഖണ്ഡേരി നിര്‍മിച്ചത്. 66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമുള്ള സ്‌കോര്‍പ്പിയോണ്‍ അന്തര്‍വാഹിനി ഖണ്ഡേരി 300 മീറ്റര്‍വരെ ആഴത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇതിന് അടിയന്തര സാഹചര്യങ്ങളില്‍ 50 ദിവസം വരെ വെള്ളത്തില്‍ കഴിയാന്‍ സാധിക്കുന്നവയാണ്.

ഭൂതലത്തില്‍ നിന്നും ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് ഖണ്ഡേരി. ബ്ലാക്ക് ഷാര്‍ക്ക് ടോര്‍പ്പിഡോകള്‍ ഘടിപ്പിച്ച ഖണ്ഡേരിയ്ക്ക് കടുത്ത ചൂടിലും വെള്ളത്തിലൂടെ നീങ്ങാനാകും. ഇറ്റാലിയന്‍ കമ്പനിയായ വാസ് വികസിപ്പിച്ച ഭാരമേറിയ അത്യാധുനിക ടോര്‍പ്പിഡോ മിസൈലുകളാണ് ബ്ലാക്ക് ഷാര്‍ക്ക്. ആറു മിസൈലുകളും ടോര്‍പിഡോകളും ഇവയില്‍ ഘടിപ്പിക്കാനാകും. 2015 ലാണ് ഒന്നാം സ്‌കോര്‍പ്പിയോണ്‍ നാവിസസേന നീറ്റിലിറക്കിയത്. കേന്ദ്ര പ്രതിരോധസഹമന്ത്രി സുഭാഷ് ഭാംമ്രെ അധ്യക്ഷത വഹിച്ച ചടങ്ങില്‍, മന്ത്രിയുടെ പത്നി ബീന ഭാംമ്രെയാണ് മുങ്ങിക്കപ്പല്‍ നീറ്റിലിറക്കിയത്. നാവിസസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയും ചടങ്ങില്‍ സംബന്ധിച്ചു.
