സൂചൗ: ഇന്ത്യ-ചൈന സൗഹൃദ മത്സരത്തില്‍ ചൈനക്കെതിരെ പോരാടി നേടിയ സമനിലയുടെ സന്തോഷം ആഘോഷിക്കുകയാണ് ഇന്ത്യന്‍ നിര. ഇന്ത്യയുടെ ആഘോഷം ഇവിടെ തകര്‍ക്കുമ്പോള്‍ ചൈനയില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചൈനീസ് ഫുട്ബോള്‍ പരിശീലകന്‍ മാഴ്സലോ ലിപ്പിയെ പുറത്താക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ചൈനയേക്കാള്‍ റാങ്കിങ്ങില്‍ പിന്നിലുള്ള ഇന്ത്യ കഴിഞ്ഞ ദിവസം അവരുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ സമനില നേടിയിരുന്നു. നിരവധി അവസരങ്ങള്‍ ചൈനീസ് മുന്നേറ്റ നിര തുലച്ചപ്പോള്‍ ഇന്ത്യന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തില്‍ കാഴ്ച വെച്ചത്.തുടര്‍ച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് മാഴ്സലോ ലിപ്പിയുടെ ടീം ഗോളടിക്കാനാവാതെ പതറുന്നത്. അതും റാങ്കിങ്ങില്‍ പിന്നിലുള്ള ടീമുകളോടാണ് ചൈന ശരാശരിയിലും താഴ്ന്ന പ്രകടനം കാഴ്ച വെക്കുന്നതെന്നതാണ് ആരാധകരുടെ രോഷം ഉയരാന്‍ കാരണം.
ചൈനയിലെ വിവിധ മാധ്യമങ്ങളും ആരാധകരും ലിപ്പിയെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പരിശീലകരിലൊരാളാണ് മാഴ്സലോ ലിപ്പി. ലോകകപ്പും യുവേഫ ചാംപ്യന്‍സ് ലീഗും എഎഫ്സി ചാംപ്യന്‍സ് ലീഗും നേടിയ ഒരേയൊരു പരിശീലകനാണ് ലിപ്പി. എന്നാല്‍, തന്റെ ടീമിന്റെ മോശം പ്രകടനത്തില്‍ ലിപ്പിക്ക് ആശങ്കയില്ലെന്നും തന്റെ വാര്‍ദ്ധക്യകാലം പരിശീലകന്‍ ചൈനയില്‍ വെറുതെ ചെലവഴിക്കുകയാണെന്നും മാധ്യമങ്ങള്‍ ആരോപിക്കുന്നു. ലിപ്പിയുടെ കീഴില്‍ പത്തൊമ്പത് മത്സരങ്ങളില്‍ നിന്നും വെറും ഏഴ് ജയങ്ങള്‍ സ്വന്തമാക്കിയ ചൈന 2018ല്‍ ആകെ നാല് മത്സരങ്ങളില്‍ മാത്രമാണ് ഗോള്‍ നേടിയത്.വരുന്ന ജനുവരിയില്‍ ഏഷ്യന്‍ കപ്പ് ആരംഭിക്കാനിരിക്കെ അതിന് മുമ്പ് തന്നെ ലിപ്പിയെ പുറത്താക്കണമെന്നാണ് ആരാധകരുടെയും മാധ്യമങ്ങളുടെയും ആവശ്യം. അതേസമയം, ഇന്ത്യന്‍ താരങ്ങളുടെയും പ്രത്യേകിച്ച് ഗുര്‍പ്രീത്, ജിംഗന്‍ എന്നിവരുടെ പ്രകടനത്തെ ചൈനീസ് മാധ്യമങ്ങള്‍ പ്രശംസിക്കാനും മടികാണിച്ചില്ല.
ഇന്ത്യയുമായുള്ള സമനില; ചൈനീസ് പരിശീലകന് കിട്ടിയത് എട്ടിൻ്റെ പണി